കോഴിക്കോട്: മെട്രൊമാൻ ഇ ശ്രീധരനെ അനുനയിപ്പിക്കാൻ ബി ജെ പി നീക്കം തുടങ്ങി. പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് ഇ ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിക്കും. അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് ഇ ശ്രീധരൻ സംസ്ഥാന സർക്കാരിന് നിർദേശങ്ങൾ സമർപ്പിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ കെ വി തോമസിന്റെ സന്ദർശനത്തെ കുറിച്ച് അന്വേഷിക്കുമെന്നും ഇ ശ്രീധരനെ നേരിൽ കണ്ട് വിശദാംശങ്ങൾ ചോദിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ഇ ശ്രീധരനെ കൂടെ നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് സന്ദർശനം.
സിൽവർലൈൻ നടക്കില്ലെന്നറിഞ്ഞിട്ടാണ് സംസ്ഥാന സർക്കാർ ഇ ശ്രീധരനെ ബന്ധപ്പെട്ടതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മറ്റൊരു അതിവേഗപാതയാണ് ഇ ശ്രീധരന്റെ പദ്ധതി. അതിന് ബിജെപിയുടെ പിന്തുണയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് ഇ ശ്രീധരന്‍ കൈമാറിയത്. കേരള സര്‍ക്കാര്‍ പ്രതിനിധിയായ കെ വി തോമസിനാണ് റിപ്പോര്‍ട്ട് നല്‍കിയത്. തന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ രണ്ട് പേജ് റിപ്പോര്‍ട്ടാണ് നല്‍കിയത്. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണമെന്നും പിന്നീട് മതി ഹൈ സ്പീഡ് ട്രെയിൻ എന്നുമാണ് ഇ ശ്രീധരന്റെ റിപ്പോർട്ടില്‍ പറയുന്നത്. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരൻ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചെന്നും മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചാലുടന്‍ തുടര്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും കെ വി തോമസ് റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. ഇ ശ്രീധരനുമായി ശബരി പാത, ചെങ്ങന്നൂര്‍-പുനലൂര്‍ പാത എന്നിവയും ചർച്ചയായെന്നും അദ്ദേഹം പറഞ്ഞിരുന്നു.