ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ്

ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികയ്‌ക്കെതിരെ കേസെടുത്ത് കുന്നമംഗലം പൊലീസ്. എസ്എഫ്‌ഐയുടെ പരാതിയിലാണ് നടപടി. ഐപിസി 153 പ്രകാരമാണ് കേസ്.കോഴിക്കോട് എൻ.ഐ.ടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്നായിരുന്നു ഷൈജയുടെ ഫേസ്ബുക്ക് കമന്റ്.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിലായിരുന്നു കമന്റ്.

ഷൈജ ആണ്ടവനെ എൻഐടിയിൽ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നൽകുകയും ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വ ഭീകരൻ ഗോഡ്‌സെക്ക് വീര പരിവേഷം നൽകി ഗാന്ധിജിയെ അധിക്ഷേപിച്ച് രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഭിന്നതയും സംഘർഷവും സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇത് രാജ്യദ്രോഹപരവും ചരിത്രത്തോടുള്ള അവഹേളനമാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. ഗാന്ധിയെ കൊന്നതിലൂടെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചു എന്ന് പറഞ്ഞ് സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ വേണ്ടി ശ്രമിച്ച അധ്യാപിക ഷൈജ ആണ്ടവനെ രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ എൻ.ഐ.ടിയിൽ നിന്നും പുറത്താക്കണമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Previous articleയേശു ഇന്ത്യയിലായിരുന്നെങ്കില്‍ ക്രൂശിക്കപ്പെടില്ലായിരുന്നു’; മന്‍മോഹന്‍ വൈദ്യ
Next articleപൊതുജനാഭിപ്രായം