തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നേതാക്കളടക്കമുള്ളവർക്കെതിരെ ആരോപണങ്ങളിൽ കടുത്ത പ്രതിസന്ധിയും സമ്മർദത്തിലുമായിരിക്കെ പ്രവർത്തകരെ പഠിപ്പിച്ചും ഓർമിപ്പിച്ചും പൊതുസമൂഹത്തിനോട് കാര്യങ്ങൾ വിശദീകരിച്ചും കേന്ദ്രത്തിനും രാഷ്ട്രീയ എതിരാളികളോട് മുന്നറിയിപ്പ് നൽകിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നേതാക്കളും.അഴീക്കോടൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച പൊതുസമ്മേളനത്തിലാണ് ഒരുമണിക്കൂറോളം നീണ്ട പ്രസംഗം ക്ലാസും താക്കീതുമായി മാറിയത്. അഴീക്കോടന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയ ഗോവിന്ദൻ, തനി അധ്യാപകനാവുകയായിരുന്നു. പ്രതിസന്ധികളെ നേരിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നത്. അഴീക്കോടനെ കൊന്നിട്ടും തകരുമെന്ന് രാഷ്ട്രീയപ്രതിയോഗികൾ വിചാരിച്ചെങ്കിലും ശക്തമായി വളരുകയായിരുന്നു കമ്യൂണിസം.അഴീക്കോടന്റെ ഭൗതികശരീരം കണ്ടതിന് ശേഷം തകർന്ന് പോയ സി.എച്ച്. കണാരൻ മുതൽ, കോടിയേരിയുടെ മരണത്തിന് ശേഷം ചേർന്ന അനുശോചനത്തിൽ ഒന്നും മിണ്ടാൻ കഴിയാതിരുന്ന പിണറായി വരെ മുന്നിലുണ്ട്. കമ്യൂണിസ്റ്റുകാർ ഇരുമ്പും കല്ലുമൊന്നുമല്ല. കമ്യൂണിസ്റ്റ് പാർട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുണ്ട്. ലെനിനിസം ഉയർത്തിപ്പിടിച്ച പല പ്രസ്ഥാനങ്ങളും ഇല്ലാതായിപ്പോയി. പ്രതികൂലമായ നിരവധി സാഹചര്യങ്ങളുണ്ട്. അതിനെ തരണം ചെയ്യാൻ പ്രാപ്തി നൽകുന്നത് ആശയദൃഢതയാണ്.