ഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡ്യയിൽ ഭിന്നതയെന്ന് സൂചന. സീറ്റ് വിഭജനവും ജാതി സെൻസസും സംബന്ധിച്ച് സഖ്യത്തിൽ ഭിന്നതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
സീറ്റ് വിഭജനം എത്രയും വേഗം പൂർത്തിയാക്കണമെന്ന തൃണമൂൽ കോൺഗ്രസ് ആവശ്യത്തിന് സഖ്യത്തിൽ പിന്തുണ വർദ്ധിക്കുകയാണ്. ആർജെഡി, ആം ആദ്മി പാർട്ടി, സമാജ് വാദി പാർട്ടി എന്നിവർക്കും മമതാ ബാനർജിയുടെ നിലപാട് തന്നെയാണുള്ളത്. ജാതി സെൻസസിന് കൂടുതൽ സമയം വേണമെന്ന നിലപാടാണ് മമതയ്ക്കുള്ളത്. പശ്ചിമ ബംഗാളിൽ ഇടത് – കോൺഗ്രസ് സഖ്യവുമായി സഹകരിക്കാൻ മമത സന്നദ്ധമാണെന്ന് അറിയിച്ചിട്ടുമുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം ഇൻഡ്യ സഖ്യം നടത്തിയ വാർത്താ സമ്മേളനത്തിൽ മമത പങ്കെടുത്തിരുന്നില്ല.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഞ്ച് സമിതികള്‍ക്ക് ഇന്‍ഡ്യ സഖ്യം രൂപം കൊടുത്തിട്ടുണ്ട്. 14 അംഗങ്ങളുള്ള കോർഡിനേഷന്‍ ആന്‍ഡ് ഇലക്ഷന്‍ സ്ട്രാറ്റജി കമ്മിറ്റിക്കും 19 അംഗങ്ങളുള്ള ക്യാമ്പെയ്ന്‍ കമ്മിറ്റിക്കും 12 അംഗങ്ങളുള്ള സോഷ്യല്‍ മീഡിയ കമ്മിറ്റിക്കും 19 അംഗങ്ങളുള്ള മീഡിയ കമ്മിറ്റിക്കും 11 അംഗങ്ങളുള്ള റിസേർച്ച് കമ്മിറ്റിക്കുമാണ് ഇന്‍ഡ്യ സഖ്യം രൂപം കൊടുത്തത്.
ഇന്‍ഡ്യ സഖ്യത്തിന്‍റെ അടുത്ത യോഗം ഡല്‍ഹിയില്‍ ചേരുമെന്ന് സുപ്രിയ സുലേ അറിയിച്ചിട്ടുണ്ട്. തീയതി പിന്നീട് പ്രഖ്യാപിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പോരാടിയാൽ ബിജെപിയെ എളുപ്പത്തിൽ പരാജയപ്പെടുത്താമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സഖ്യമാണ് ഇൻഡ്യയെന്നും രാഹുൽ പറഞ്ഞു