ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. കഴിഞ്ഞ രാത്രിയിൽ വടക്കൻ ഗാസയിൽ അഭയാർത്ഥി ക്യാമ്പിലുണ്ടായ വ്യോമാക്രമണത്തിൽ 30 ഓളം പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ ഗാസയിലുണ്ടായ ആക്രമണത്തിൽ ആറ് കുട്ടികൾ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകൾക്ക് പരിക്കേറ്റുവെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതോടെ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്ന പലസ്തീനികളുടെ എണ്ണം 400 കടന്നതായി പലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
രണ്ടാഴ്ചയായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ 4600 ഓളം പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേലിൽ 1400 പേര്‍ കൊല്ലപ്പെട്ടതായും 212 പേരെ ഗാസയിൽ ബന്ദികളാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. തുടർച്ചയായുള്ള ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിലെ ആശുപത്രികൾ ഭീഷണിയിലാണ്. വൈദ്യുതി, വെള്ളം, മറ്റ് അവശ്യ മെഡിക്കൽ വസ്തുക്കളും ലഭ്യമാകാതെ വന്നതോടെ ഗാസയിലെ ഏകദേശം 30 ആശുപത്രികളിൽ ഏഴെണ്ണം അടച്ചുപൂട്ടി. മറ്റ് ആശുപത്രികളിലും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നാണ് മറ്റ് ആശുപത്രികളിലെ ഡോക്‌ടർമാരും പറയുന്നത്. 14 ട്രക്കുകൾ പലസ്തീന് സഹായവുമായി റഫ അതിർത്തി കടന്നെത്തി.
കൈവശമുള്ള ഇന്ധനം വരുന്ന 48 മണിക്കൂറിനുള്ളിൽ തീരുമെന്ന് വടക്കൻ ഗാസയിലെ അൽ ഷിഫ ആശുപത്രി ഡയറക്ടർ ഡോ. മുഹമ്മദ് അബു സൽമിയ പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള സഹായം ഇതുവരെയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രികളിൽ നിന്ന് രോഗികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിനിടെ ഇന്ന് പുലർച്ചെ ഇസ്രയേൽ ലെബനനിലും വ്യോമാക്രമണം നടത്തി. ലെബനൻ സായുധ സംഘടനയായ ഹിസബുള്ളയുടെ രണ്ട് പോസ്റ്റുകൾ തകർത്തതായി ഇസ്രയേൽ പറഞ്ഞു. ഒരു ഹിസബുള്ള അനുകൂല പ്രവർത്തകൻ കൊല്ലപ്പെട്ടതായി സംഘടന വ്യക്തമാക്കി. ഹമാസ് ആക്രമണത്തിൽ ഒരു ഇസ്രയേൽ സൈനികനും കൊല്ലപ്പെട്ടു.