ഭാര്യക്കെതിരെയുള്ള സൈബർ ആക്രമണം മ്ലേച്ഛം; കോൺഗ്രസിന്റെ നിലപാട് അറിയാൻ കൗതുകമുണ്ടെന്നും ജെയ്ക്ക്

കോട്ടയം: ഭാര്യ ഗീതു തോമസിനെതിരായ സൈബർ ആക്രമണം മ്ലേച്ഛമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് റിപ്പോർട്ടറിനോട് പ്രതികരിച്ചു. ഗീതു തനിക്ക് പരിചയമുള്ള ചിലയിടങ്ങളിൽ പോയി വോട്ടഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതിന്റെ പേരിലാണ് സൈബർ അധിക്ഷേപം നടക്കുന്നതെന്നും ജെയ്ക്ക് പറഞ്ഞു.

സൈബർ ഇടത്തിലും പുറത്തുമുള്ള അധിക്ഷേപം ആർക്കെതിരെ വന്നാലും തെറ്റാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ നാലാം നിരക്കാരൻ എന്ന് വിളിച്ചു. തന്റെ പിതൃസ്വത്തിനെയും മാതാപിതാക്കളെയും വരെ സൈബർ ആക്രമണത്തിലേക്ക് വലിച്ചിഴച്ചു. സൈബർ ആക്രമണത്തിൽ കോൺഗ്രസിന്റെ നിലപാട് അറിയാൻ കൗതുകമുണ്ട്. പ്രബുദ്ധതയുള്ള പുതുപ്പള്ളിയിലെ വോട്ടർമാർ എല്ലാം തീരുമാനിക്കട്ടെയെന്നും ജെയ്ക്ക് റിപ്പോർട്ടറിനോട് പറഞ്ഞു.

ഇന്നലെയാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിൽ ഗീതുവിനെതിരായ സൈബർ ആക്രമണം വന്ന് തുടങ്ങിയത്. ഗർഭിണി എന്ന് പറയപ്പെടുന്ന ഭാര്യയെ ഇലക്ഷൻ പ്രവർത്തനത്തിന് ഇറക്കുന്നു എന്നും സഹതാപം ഉണ്ടാക്കി എടുക്കാനുള്ള ജയ്ക്കിന്റെ അവസാന അടവാണ് ഇതെന്നുമായിരുന്നു അധിക്ഷേപം. ഗീതു വോട്ടഭ്യർത്ഥിക്കാൻ പോകുന്ന, ദൃശ്യ മാധ്യമങ്ങളിൽ വന്ന വാർത്ത എഡിറ്റ് ചെയ്ത് വികലമാക്കിയാണ് പ്രചരിപ്പിക്കുന്നത്. ഫാന്റം പൈലി എന്ന വ്യാജ അക്കൗണ്ടിൽ നിന്നാണ് ആദ്യം ഇത്തരം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിനടിയിൽ മോശമായ നിരവധി കമന്റുകളും ഉണ്ടായിരുന്നു.

Previous articleഇൻഡ്യ സഖ്യത്തിൽ ഭിന്നത; സീറ്റ് വിഭജനത്തിലും ജാതി സെൻസസിലും അഭിപ്രായ വ്യത്യാസം
Next articleപൊതുജനാഭിപ്രായം