ബിജെപിയടക്കം ഒരു രാഷ്ട്രീയത്തോടും താല്‍പര്യമില്ല’; കര്‍ഷക പക്ഷത്തെന്ന് ജയസൂര്യ

കൊച്ചി: നെല്ല് സംഭരിച്ചതില്‍ കര്‍ഷകര്‍ക്ക് വില നല്‍കിയില്ലെന്ന വിമര്‍ശനം ആവര്‍ത്തിച്ച് നടന്‍ ജയസൂര്യ. തന്റേത് കര്‍ഷക പക്ഷമാണ്. ഇടത്-വലത്-ബിജെപി രാഷ്ട്രീയവുമായി യാതൊരു ബന്ധവും ഇല്ലെന്നും ജയസൂര്യ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി പി രാജീവിനെ വേദിയിലിരുത്തി സര്‍ക്കാരിനെതിരെ ജയസൂര്യ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പരാമര്‍ശം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് വിശദീകരണം.

‘സംഭരിച്ച നെല്ലിന്റെ വില ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കര്‍ഷകര്‍ക്ക് കിട്ടിയിട്ടില്ലെന്ന് സുഹൃത്ത് കൃഷ്ണപ്രസാദ് പറഞ്ഞാണ് അറിയുന്നത്. അത് കടുത്ത അനീതിയായി എനിക്ക് തോന്നി. ആ നെല്ല് പുഴുങ്ങികുത്തി അരിയായി വിപണിയില്‍ എത്തിയിട്ടുണ്ടാവില്ലേ?, എന്നിട്ടും എന്താണ് പാവം കര്‍ഷകര്‍ അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ തിരുവോണത്തിന് പട്ടിണി സമരം നടത്തുന്നത്?. നമ്മളെ ഊട്ടുന്നവര്‍ക്ക് സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വന്നതിലെ അനൗചിത്യമാണ് ഞാന്‍ ചൂണ്ടികാട്ടിയത്.’ ജയസൂര്യ പറഞ്ഞു.

തനിക്കതില്‍ രാഷ്ട്രീയമില്ല. വ്യക്തി കേന്ദ്രികൃത വിമര്‍ശനം ഇല്ല. കര്‍ഷകരുടെ വിഷയം മാത്രമാണ് പ്രസക്തമെന്നും ജയസൂര്യ പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിലെഴുതിയ കുറിപ്പിലൂടെയാണ് വിശദീകരണം. കൃഷികൊണ്ട് പലപ്പോഴും ഒന്ന് നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത മാതാപിതാക്കളെ മാതൃകയാക്കി വീണ്ടും കടത്തിന്റെ കടും ചേറിലേക്കിറങ്ങാന്‍ എത്രപേര്‍ സന്നദ്ധരാവുമെന്നും നടന്‍ ചോദിച്ചു. വിളയ്ക്ക് മികച്ച വിലയല്ല, ന്യായമായ വിലപോലും കിട്ടാത്ത സാഹചര്യമല്ലേ ഇപ്പോഴെന്നും ജയസൂര്യ ചോദിക്കുന്നു.

Previous articleപ്രായശ്ചിത്ത, പ്രതികാര വോട്ട് ദിനമാണ് സെപ്റ്റംബർ 5; ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ചാണ്ടി ഉമ്മൻ ജയിക്കും’
Next articleമുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവം കാറിൽ ഇടിച്ചുതെറിപ്പിച്ചു -നടൻ കൃഷ്ണകുമാ‍‍‍‍‍‍ർ