തെക്കന്‍ മേഖലയില്‍ നിന്ന് കുറഞ്ഞത് 30 സീറ്റുകള്‍ അധികം നേടണം’; ബിജെപി നേതാക്കളോട് നഡ്ഡ

ഹൈദരാബാദ്: തെക്കേ ഇന്ത്യയില്‍ 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 30 സീറ്റുകള്‍ അധികം നേടണമെന്ന് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ട് ദേശീയ അദ്ധ്യക്ഷന്‍ ജെ പി നഡ്ഡ. കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ നടന്ന ബിജെപി നേതൃയോഗത്തിലാണ് നദ്ദ ഇക്കാര്യം മുന്നോട്ട് വെച്ചത്. ഡെക്കാന്‍ ഹെറാള്‍ഡാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മൂന്ന് മേഖലകളാക്കി തിരിച്ചാണ് ഹൈദരാബാദില്‍ ബിജെപി നേതൃയോഗം നടന്നത്. 11 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ഉള്ള നേതാക്കളെയാണ് തെക്കന്‍ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണാടക, തെലങ്കാന, ആന്ധ്ര, കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളെയും ആന്‍ഡമാന്‍, പുതുച്ചേരി, ലക്ഷദ്വീപ്, ദാമന്‍ ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളെയുമാണ് തെക്കന്‍ മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ ഈ മേഖലയില്‍ നിന്ന് 55 സീറ്റുകളാണ് ബിജെപി നേടിയത്. ഇതിനേക്കാള്‍ 30 സീറ്റുകള്‍ അധികം നേടണമെന്നാണ് നദ്ദ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍മാരില്‍ ലോക്‌സഭ മണ്ഡലങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് നദ്ദ തേടി.

യോഗം നടന്ന തെലങ്കാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനാല്‍ ഈ വിഷയത്തില്‍ പ്രത്യേക യോഗവും നടന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നിന്ന് നാല് സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്.

Previous articleലീഗ് പ്രവർത്തകരെ യൂത്ത് കോൺഗ്രസാക്കുന്നു’, അംഗത്വ വിതരണത്തിനെതിരെ വ്യാപക പരാതി
Next articleശസ്ത്രക്രിയക്ക് 3000 രൂപ കൈക്കൂലി: മെഡിക്കൽ കോളജിലെ ഡോക്ടർ പിടിയിൽ