സമസ്ത തലയും ഉടലും ഒന്നായ രാഷ്ട്രീയമില്ലാത്ത സംഘടന’; ലീഗ് വേവലാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് ജലീല്‍

മലപ്പുറം: സമസ്തയുടെ മസ്തിഷ്‌കം ലീഗിനൊപ്പമാണെന്ന മുസ്ലിം ലീഗ് അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെടി ജലീല്‍ എംഎല്‍എ. തലയും ഉടലും ഒന്നായ, രാഷ്ട്രീയമില്ലാത്ത സംഘടനയാണ് സമസ്ത. ഭരിക്കുന്നവരുമായി അവര്‍ കാര്യങ്ങള്‍ നേരിട്ട് ചര്‍ച്ച ചെയ്യുമെന്നും, അതില്‍ ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ലെന്നും ജലീല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
തലയിരിക്കുമ്പോള്‍ വാലാടേണ്ടതില്ലായെന്ന തങ്ങളുടെ പരാമര്‍ശം എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. പലര്‍ക്കും പല രൂപത്തില്‍ വ്യാഖ്യാനിക്കാന്‍ പറ്റും. സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ മുസ്ലിം ലിഗ് പ്രതികരിച്ചോളാം, വാലായ സമസ്ത പ്രതികരിക്കേണ്ടതില്ലായെന്ന് വ്യഖ്യാനിക്കാം. തലയും ഉടലും ഒന്നായിട്ടുള്ള, കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയാണ് സമസ്ത. സമസ്തയോട് ലീഗ് നേതൃത്വം സമീപകാലത്ത് സ്വീകരിക്കുന്ന നിലപാട് അത്ര ഭൂഷണമല്ല. കുറച്ചുകൂടി മാന്യമായ നിലപാട് സ്വീകരിക്കണം. ലീഗ് നേതൃത്വം ബഹുമാനം കൊടുത്ത് സമസ്തയില്‍ നിന്നും ആദരവ് തിരിച്ചു വാങ്ങണം. ഒരു ജന്മിത്വ ഭാവത്തില്‍ കുടിയാന്റെ സ്ഥാനത്ത് സമസ്തയെ കണ്ട് ലീഗ് നിലപാട് സ്വീകരിച്ചാല്‍ അതിന്റെ നഷ്ടം ലീഗിന് തന്നെയാവും.’ കെ ടി ജലീല്‍ പറഞ്ഞു. സമസ്ത-മുസ്ലിം ലീഗ് തര്‍ക്കം രൂക്ഷമായ ഘട്ടത്തിലാണ് ലീഗിനെതിരെ കെ ടി ജലീലിന്റെ വിമര്‍ശനം. ഉടലും ഹൃദയവും ഇല്ലാതെ സമസ്തയുടെ മസ്തിഷ്‌കം മാത്രം മതിയോ ലീഗിനെന്നും ജലീല്‍ ചോദിച്ചു.

തട്ടം വിവാദത്തില്‍ സിപിഐഎം നിലപാടിന് വിരുദ്ധമായാണ് കെ അനില്‍കുമാര്‍ സംസാരിച്ചതെന്നും ജലീല്‍ ആവര്‍ത്തിച്ചു. തട്ടം ഊരാനും ഇടാനും സിപിഐഎം ഇല്ല. അനില്‍ കുമാര്‍ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതാണ്. പാര്‍ട്ടി നിലപാട് ആണെന്ന തരത്തില്‍ പറഞ്ഞതുകൊണ്ടാണ് താന്‍ തിരുത്തിയതെന്നും കെ ടി ജലീല്‍ പറഞ്ഞു. സമസ്ത നേതാവ് ഉമര്‍ ഫൈസിയുടെ സ്ത്രീവിരുദ്ധ നിലപാടിനേയും കെ ടി ജലീല്‍ തള്ളിയില്ല. മുക്കം ഉമര്‍ ഫൈസി പറഞ്ഞത് അദ്ദേഹത്തിന്റെതോ അദ്ദേഹത്തിന്റെ സംഘടനയുടെയോ നിലപാട് ആയിരിക്കും. വി പി സുഹറയ്ക്കും തന്റേതായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ട്. ജനാധിപത്യ രാഷ്ട്രമാണല്ലോയെന്നായിരുന്നു കെ ടി ജലീലിന്റെ പക്ഷം.

Previous articleക്രീമോ, സോപ്പോ ഒന്നുമല്ല, പച്ചവെള്ളമാണ് സൗന്ദര്യത്തിന്റെ രഹസ്യം; ജോലിത്തിരക്ക് ആയതു കൊണ്ടാണ് വിവാഹം കഴിക്കാൻ സാധിക്കാതിരുന്നത്; വിദ്യാർത്ഥിനികളോട് രഹസ്യങ്ങൾ തുറന്നു പറഞ്ഞ് രാഹുൽഗാന്ധി
Next articleപശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കണം; ‘മാനവികതയുടെ ശത്രു അധിനിവേശം’ എന്ന പേരിൽ കാമ്പയിനുമായി ഡി.വൈ.എഫ്.ഐ