ഇ.ഡി മാനസികമായി പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി: എം.കെ.കണ്ണന്‍

ഇ.ഡി മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സിപിഎം സംസ്ഥാന സമിതി അംഗവും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റുമായ എം.കെ.കണ്ണന്‍. കേസെടുക്കുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്ന‍ും ഭീഷണിപ്പെടുത്തി. അവര്‍ ഉദ്ദേശിക്കുന്ന ഉത്തരം നല്‍കാന്‍ സമ്മര്‍ദം ചെലുത്തി, വഴങ്ങിയില്ല. 29ന് വീണ്ടും ഹാജരാകും. സതീഷ്കുമാറുമായി 30 വര്‍ഷത്തെ സൗഹൃദം, സാമ്പത്തിക ഇടപാടില്ലെന്നും എം.കെ. കണ്ണന്‍ പറഞ്ഞു.

കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാറുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കരുവന്നൂരിന് പുറമെ തൃശൂര്‍ സഹകരണ ബാങ്ക് വഴിയും സതീഷ്കുമാര്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ഇഡിക്ക് ലഭിച്ച വിവരം. കരുവന്നൂര്‍ കേസില്‍ തൃശൂര്‍ ജില്ലയിലെ കൂടുതല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് ഇഡി. കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന ജില്ലയിലെ രണ്ടാമത്തെ സിപിഎം സംസ്ഥാന സമിതി അംഗമാണ് എം.കെ. കണ്ണന്‍. ഇഡിയുടെ ചോദ്യമുനയിലുള്ള മറ്റൊരംഗം എ.സി. മൊയ്തീനാണ്. പി.സതീഷ്കുമാറുമായുള്ള അടുപ്പം തന്നെയാണ് എം.കെ. കണ്ണന് കുരുക്കാകുന്നത്.

സതീഷ്കുമാറിന്‍റെ സാമ്പത്തിക ഇടപാടുകളിലേറെയും എം.കെ. കണ്ണന്‍ പ്രസിഡന്‍റായ തൃശൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ടാണ്. പി.പി. കിരണിനായി കരുവന്നൂര്‍ ബാങ്കില്‍ ഒന്നര കോടി രൂപയുടെ നിക്ഷേപം നടത്തിയ സതീഷ്കുമാര്‍ ആ പണം കൈമാറിയത് തൃശൂര്‍ സഹകരണ ബാങ്കില്‍ നിനെന്ന് ഇഡി കണ്ടെത്തി. ഇതേ ബാങ്കില്‍ സതീഷ്കുമാറിന് സ്വന്തം പേരിലും ബെനാമി പേരുകളിലുമുള്ള അക്കൗണ്ടുകളുടെ വിവരങ്ങളും ഇതിലേക്ക് കോടികളുടെ നിക്ഷേപം വന്നതും ഇഡി കണ്ടെത്തി. മറ്റ് ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങിയ വായ്പകള്‍ സതീഷ്കുമാര്‍ തൃശൂര്‍ സഹകരണ ബാങ്കിലേക്ക് മാറ്റിയെന്നും ഇത് കണ്ണന്‍റെ നിര്‍ദേശപ്രകാരമാണെന്നും ഇഡിക്ക് മൊഴി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ സതീഷ്കുമാറും കണ്ണനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇഡിയുടെ പക്കലുണ്ട്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലേക്ക് നീളുന്ന ഈ തെളിവുകളുടെ അടിസ്്ഥാനത്തിലാണ് ഇഡി കണ്ണനെ ചോദ്യം ചെയ്തത്.

Previous articleപൊതുജനാഭിപ്രായം
Next articleകരുവന്നൂരിലെ ഇഡി ഇടപെടല്‍ രാഷ്ട്രീയപ്രേരിതമല്ല, തൃശൂര്‍ എടുക്കാമെന്ന് ബിജെപി കരുതേണ്ട’: മുരളീധരന്‍