മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്നുപേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ നിന്ന് വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു കാങ്‌പോപ്കി ജില്ലയിൽ കുക്കി-സോ സമുദായത്തിൽപ്പെട്ട മൂന്നുപേരെ അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇന്ന് പകൽ എട്ട് മണിയോടെയാണ് സംഭവം.

ഇംഫാൽ വെസ്റ്റ്, കാങ്‌പോപ്കി ജില്ലകളുടെ അതിർത്തിയിലെ ഇറേങ്, കരം പ്രദേശങ്ങൾക്കിടയിലുള്ള ഗ്രാമവാസികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. വാഹനത്തിലെത്തിയ അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു.

സെപ്റ്റംബർ എട്ടിന് തെങ്‌നൗപാൽ ജില്ലയിൽ നടന്ന വെടിവെയ്പ്പി‍ല്‍ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചു വിടാൻ അസം റൈഫിൾസ് വെടിവെച്ചതിനെ തുടർന്നാണ് രണ്ടു പേർ മരിച്ചത്. 50 പേർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചുരാചന്ദ്പൂര്‍-ബിഷ്ണുപൂര്‍ ജില്ലാ അതിര്‍ത്തിയിലും സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു. കര്‍ഫ്യൂ മറികടന്നായിരുന്നു പ്രതിഷേധക്കാര്‍ സ്ഥലത്തെത്തിയത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചവര്‍ക്ക് നേരെ റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

Previous articleപൊതുജനാഭിപ്രായം 
Next articleജെയ്ക്കിനും ഗീതുവിനും ആണ്‍കുഞ്ഞ് പിറന്നു