തിരുവനന്തപുരം: കള്ളപ്പണ ആരോപണം തള്ളി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിപിഐഎം ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടില്ലെന്നും അഭിഭാഷകന്‍ എന്ന നിലയില്‍ തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും മാത്യു കുഴല്‍നാടന്‍ വാർത്താ സമ്മേളനത്തിലൂടെ പറഞ്ഞു. മാധ്യമ ഗൂഢാലോചനയെന്ന് പറഞ്ഞ് ആരോപണങ്ങളില്‍ നിന്നും മാറി നില്‍ക്കില്ല. കേവലം ഒരു വാഗ്വാദം ആക്കാതെ ആരോഗ്യകരമായ ചര്‍ച്ചയാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
തന്റെ സ്ഥാപനം നികുതി അടച്ചതിന്റെ എല്ലാ രേഖകളും മാധ്യമങ്ങള്‍ക്ക് കൈമാറാം. കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്ത് വിടാന്‍ തയ്യാറാണ്. അതേസമയം എക്‌സാലോജിക്കിന്റെ 2016 മുതലുള്ള നികുതി വിവരങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രിയുടെ മകളും ഉടമയുമായ വീണാ വിജയന്‍ തയ്യാറുണ്ടോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വീണാ വിജയനെ ഏറ്റെടുത്തിട്ടുണ്ട്. ഏത് ഏജന്‍സിയെ വെച്ചും തന്റെ സ്ഥാപനത്തെകുറിച്ച് അന്വേഷിച്ചോളും. രേഖകള്‍ തോമസ് ഐസകിനെ പോലൊരു നേതാവിന് അന്വേഷിക്കാം. താന്‍ സ്വാഗതം ചെയ്യുന്നുവെന്നും സമാനമായി എക്‌സാലോജിക്കില്‍ പരിശോധന നടത്താന്‍ അനുവദിക്കുമോയെന്നും എംഎല്‍എ ചോദിച്ചു.
എക്‌സാലോജികില്‍ ജോലി ചെയ്ത അമ്പത് പേരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു. എക്‌സാലോജികോ വീണാ വിജയനോ പരിശോധനയ്ക്ക് തയ്യാറല്ലെങ്കില്‍ കൂടി സിപിഐഎമ്മിന് തന്റെ കമ്പനിയില്‍ പരിശോധന നടത്താമെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.
ആരോപണങ്ങള്‍ ഉന്നയിച്ച് പരിഹസിച്ച് മുന്നോട്ട് പോകുന്നതിലും നല്ലത് ആരോഗ്യകരമായ ചര്‍ച്ചകളാണ്. കള്ളപ്പണം വെളുപ്പിക്കല്‍ രാജ്യദ്രോഹകുറ്റമാണ്. കള്ളപ്പണം വെളിപ്പിക്കല്‍ ആരോപണം തന്റെ അഭിഭാഷക സ്ഥാപനത്തേയും പങ്കാളികളേയു പ്രതിസന്ധിയിലാക്കി. സ്ഥാപനം കെട്ടിപ്പടുക്കുന്നതിന്റെ അദ്ധ്വാനം സിപിഐഎമ്മിനറിയില്ല. വിയര്‍പ്പിന്റെ വില അറിയാത്തതുകൊണ്ടാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
‘വരുമാനത്തിന് തൊഴില്‍, രാഷ്ട്രീയം സേവനം’ എന്ന മുദ്രാവാക്യം ജീവിതത്തില്‍ ചേര്‍ത്ത് പിടിച്ചയാളാണ് താന്‍. ഒരു അഭിഭാഷകന്റെ ജീവിതം എത്ര പ്രയാസകരമാണെന്ന് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ച് എല്‍എല്‍ബി പൂര്‍ത്തിയാക്കി
രാഹുല്‍ ഗാന്ധി എറണാകുളത്ത് വന്ന ദിവസം കോട്ടും ഗൗണും ഇട്ട് താന്‍ കോടതിയിലേക്ക് പോകുന്നത് കണ്ടുവെന്നും തനിക്ക് പാര്‍ട്ടിയേക്കാള്‍ വലുത് അഭിഭാഷക വൃത്തിയാണെന്നും പാര്‍ട്ടിയില്‍ നിന്നും ആരോപണങ്ങള്‍ വന്നിരുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് സഹിക്കാനാവില്ലയെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാറിലെ ഭൂമിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും മാത്യു കുഴല്‍നാടന്‍ വിശദീകരണം നല്‍കി. സ്ഥാനാര്‍ത്ഥിയാവുന്നതിന് മുമ്പ് വാങ്ങിയ ഭൂമിയാണിത്. ചിന്നകനാലിലെ സര്‍വ്വെ നമ്പറില്‍ 1.24 ലക്ഷം രൂപയാണ് ന്യായവില. ഇത് പ്രകാരം 57.44 ലക്ഷം രൂപയാണ് നല്‍കേണ്ടിയിരുന്നത്. വൈറ്റ് മണി മാത്രം നല്‍കിയതുകൊണ്ടാണ് ചുരുങ്ങിയ വിലയ്ക്ക് ഭൂമി ലഭിച്ചത്. കൂടുതല്‍ സത്യസന്ധനായതാണ് പ്രശ്‌നമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു