ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം; മാധ്യമങ്ങൾ രാഷ്ട്രത്തിന്‍റെ വളർച്ചക്ക് സഹായിക്കണം – മോഹൻ ഭാഗവത്

ന്യൂഡൽഹി: ആരൊക്കെ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നതാണ് സത്യമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. ചിലർക്ക് സത്യം അറിയാമെന്നും എന്നാൽ അത് മറച്ചുവെക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർ.എസ്.എസിന്‍റെ മറാത്തി പത്രമായ തരുൺ ഭാരതിന്‍റെ പ്രസാധകരായ ശ്രീ നർകേസരി പ്രകാശൻ ലിമിറ്റഡിന്‍റെ പുതിയ ഓഫീസ് ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്. അതാണ് സത്യം. സത്യത്തെ ചിലർ മാത്രമാണ് അംഗീകരിക്കുന്നത്. ചിലർക്ക് സത്യമെന്തെന്ന് അറിയില്ല. മറ്റ് ചിലരാകട്ടെ സത്യത്തെ മനപ്പൂർവ്വം മറക്കുകയാണ്. ഹിന്ദു ആചാരങ്ങളടങ്ങിയ ഒരു ഹിന്ദു രാഷ്ട്രമാണ് ഇവിടം” – ഭാഗവത് പറഞ്ഞു.

ഇന്ത്യയെ ലോകശക്തിയാക്കി മാറ്റാനും രാഷ്ട്രത്തെ വളർത്തിയെടുക്കാനും മാധ്യമങ്ങൾ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ ശരിയായ ആശയങ്ങൾ പ്രചരിപ്പിക്കണമെന്നും പൗരന്മാരുടെ ചിന്തകളിലേക്ക് നല്ലത് കൊണ്ടുലവരണമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അതേസമയം എല്ലാവരേയും ഉൾക്കൊള്ളുന്നതാണ് പത്രത്തിന്‍റെ വ്യക്തിത്വമെന്നും, പ്രത്യയശാസ്ത്രങ്ങളെ മുന്നോട്ടുവെക്കുന്ന അത്തരം മാധ്യമങ്ങളെ ജനങ്ങൾക്ക് ഇഷ്ടമാണെന്നും മുഖ്യാതിഥിയായ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു.

Previous articleമുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മനഃപൂർവം കാറിൽ ഇടിച്ചുതെറിപ്പിച്ചു -നടൻ കൃഷ്ണകുമാ‍‍‍‍‍‍ർ
Next articleകര്‍ഷകരെ വഞ്ചിച്ച സർക്കാരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല