കോഴിക്കോട്: കരുവന്നൂരിലെ എന്‍ഫോഴ്‌സ്‌മെന്റ് ഇടപെടല്‍ രാഷ്ട്രീയ പ്രേരിതമെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് കെ മുരളീധരന്‍ എംപി. ഇഡി അന്വേഷിച്ചാലും സംസ്ഥാനം അന്വേഷിച്ചാലും അത് അഴിമതിയാണ്. എന്നാല്‍ കരുവന്നൂരിന്റെ മറവില്‍ എല്ലാ സഹകരണ ബാങ്കുകളേയും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും കെ മുരളീധന്‍ വ്യക്തമാക്കി.
‘ഒരു മാസം 1,600 രൂപ പെന്‍ഷന്‍ വാങ്ങുന്ന വടക്കാഞ്ചേരി കൗണ്‍സിലറുടെ അമ്മയുടെ അക്കൗണ്ടിലേക്ക് എങ്ങനെ 63 ലക്ഷം രൂപ എത്തി. ഇഡി അന്വേഷിച്ചാലും സര്‍ക്കാര്‍ അന്വേഷിച്ചാലും അത് അഴിമതിയാണ്. കരിവന്നൂരിന്റെ മറവില്‍ എല്ലാ സഹകരണ സ്ഥാപനങ്ങളേയും നശിപ്പിക്കാന്‍ നോക്കിയാല്‍ അതിനോട് ഒരിക്കലും കോണ്‍ഗ്രസോ യുഡിഎഫോ യോജിക്കില്ല. കരുവന്നൂരില്‍ വലിയതോതില്‍ അഴിമതി നടന്നിട്ടുണ്ട്. പല സിപിഐഎം നേതാക്കള്‍ക്കും അതില്‍ പങ്കുണ്ട്. ഇ ഡി അന്വേഷണത്തെ കുറ്റപ്പെടുത്താന്‍ പറ്റില്ല. രാഷ്ട്രീയനേതാക്കളെ തിരഞ്ഞുപിടിച്ചുവരുമ്പോഴാണ് രാഷ്ട്രീയം കാണുന്നത്.’ കെ മുരളീധരന്‍ വിശദീകരിച്ചു.
‘കരുവന്നൂരിലെ ഇ ഡിയുടെ പ്രവര്‍ത്തനം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടാണെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. ബിജെപിയുടെ ഏറ്റവും വലിയ ശത്രു കോണ്‍ഗ്രസാണ്. കേരളത്തില്‍ അവര്‍ക്ക് താല്‍പര്യം സിപിഐഎമ്മിനോടാണ്. അത് സിപിഐഎമ്മിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടല്ല, മറിച്ച് കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ നല്ലത് സിപിഐഎമ്മിനെ സന്തോഷിക്കുന്നതാണ് നല്ലതെന്ന് കേന്ദ്രത്തിന് തോന്നിക്കാണണം, ജനതാദള്‍ എസിനെ സംരക്ഷിക്കുന്നത് പോലും കേന്ദ്ര ബന്ധം നിലനിര്‍ത്താനാണ്.’ എന്നും കെ മുരളീധരന്‍ കടന്നാക്രമിച്ചു.
പുല്‍പ്പള്ളി ബാങ്കിലെ ക്രമക്കേടില്‍ ഇഡി അന്വേഷണത്തിനെതിരെ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. ഞങ്ങളുടെ ബാങ്കുകളിലും അന്വേഷണം നടക്കട്ടെ. ഭയമില്ല. കരുവന്നൂര്‍ മുതലെടുത്ത് തൃശൂര്‍ എടുക്കാം എന്ന് ബിജെപി കരുതേണ്ട. ബിജെപിക്ക് കേരളത്തില്‍ കെട്ടിവെച്ച കാശ് കിട്ടുമോയെന്ന് നോക്കിയാല്‍ മതിയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല. മുന്‍പും ലീഗിന് കൊടുത്തിട്ടുണ്ട്. അതിന്റെ പേരില്‍ തര്‍ക്കം ഉണ്ടാകില്ല. യുഡിഎഫ് ഒറ്റകെട്ടായി മുന്നോട്ട് പോകുമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡലപര്യടനത്തേയും മുരളീധരന്‍ പരിഹസിച്ചു. ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കെഎസ്ആര്‍ടിസിയിലാണോ പൊലീസ് വാഹനത്തിലാണോ പോകുന്നതെന്ന് കണ്ടറിയാമെന്ന് കെ മുരളീധരന്‍ പറഞ്ഞു.