മലപ്പുറം: സിപിഐഎം സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ല. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിനെതിരെ സിപിഐഎം നടത്തുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. പാണക്കാട് ഇന്ന് ചേർന്ന മുസ്ലിം ലീഗ് യോഗത്തിലാണ് തീരുമാനം. കോൺഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കാൻ തീരുമാനിച്ചാൽ അത് യുഡിഎഫിന് വൻ തിരിച്ചടിയാകുമായിരുന്നു.
“ഏക സിവില്‍കോഡ് എല്ലാ സമുദായങ്ങളേയും ബാധിക്കുന്ന ദേശീയ വിഷയമാണ്. അത് പാര്‍ലമെന്റില്‍ പാസാകാന്‍ പാടില്ലെന്ന് തന്നെയാണ് തീരുമാനം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടേയും പിന്തുണ വേണ്ടി വരും. പലരും സെമിനാറുകള്‍ സംഘടിപ്പിക്കും. മുസ്ലീം സംഘടനകള്‍ക്ക് അതില്‍ പോകാം, പോകാതിരിക്കാം. തെരുവില്‍ വലിച്ചിഴക്കരുത് എന്നതില്‍ എല്ലാവരും ഒറ്റകെട്ടായിരിക്കാം, ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സെമിനാര്‍ സംഘടിപ്പിക്കാം, യുഡിഎഫിന്റെ പ്രധാനപ്പെട്ട ഘടകകക്ഷിയാണ് മുസ്ലീം ലീഗ്. ഏക സിവില്‍ കോഡ് വിഷയത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതികരിക്കാന്‍ കഴിയുക കോണ്‍ഗ്രസിനാണ്. ലീഗിന് എല്ലാവരുമായി കൂടിച്ചേര്‍ന്ന് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ. യുഡിഎഫിന്റെ മറ്റ് ഘടകക്ഷികളെ ക്ഷണിച്ചിട്ടില്ല. പ്രത്യേക സാഹചര്യത്തില്‍ ലീഗിന് സിപിഐഎം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ഏകസിവില്‍ കോഡ് വിഷയത്തില്‍ ഒരടി മുന്നോട്ട് പോകില്ല. മുസ്ലീം ലീഗ് പങ്കെടുത്താല്‍ ഭാവിയില്‍ രാഷ്ട്രീയ സാഹചര്യത്തിന് തന്നെ ദോഷമുണ്ടാക്കും”; സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഏക സിവിൽ കോഡിൽ സിപിഐഎം ക്ഷണിച്ച സെമിനാറിൽ പങ്കെടുക്കുന്നതിൽ മുസ്ലിം ലീഗിനുള്ളിൽ വിരുദ്ധാഭിപ്രായം നിലനിന്നിരുന്നു. ഇ ടി മുഹമ്മദ് ബഷീർ, എം കെ മുനീർ എന്നിവരടങ്ങിയ ഒരു വിഭാഗം സെമിനാറിൽ പോകേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. സെമിനാറിൽ പങ്കെടുക്കാതിരിക്കാൻ കോൺഗ്രസ് പാർട്ടിയും മുസ്ലിം ലീഗിന് മേൽ സമ്മർദ്ദം ചെലുത്തിയിരുന്നു.