നിങ്ങളാണ് പാർട്ടിയുടെ ജീവനാഡി’, മലയാളത്തിൽ തുടങ്ങി മോദി, ബൂത്ത് നേടിയാൽ കേരളം നേടാമെന്നും ആഹ്വാനം

കൊച്ചി: മറൈന്‍ ഡ്രൈവിലെ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തില്‍ മലയാളത്തില്‍ പ്രസംഗിച്ചും വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട പ്രവര്‍ത്തകരെ നിങ്ങളാണ് ഈ പാര്‍ട്ടിയുടെ ജീവനാഡിയെന്ന് മലയാളത്തില്‍ പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ഇത്രയും വലിയ സമ്മേളനം നടത്താന്‍ ശക്തമായ സംഘടനയ്ക്കെ കഴിയുകയുള്ളുവെന്നും കേരളത്തിലെ പ്രവര്‍ത്തകര്‍ ഏറെ പരിശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണിതെന്നു മോദി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ മികച്ച പ്രവര്‍ത്തനം തൃശൂര്‍ സമ്മേളനത്തില്‍ കണ്ടതാണ്. കൊച്ചിയില്‍ എത്തിയപ്പോല്‍ മുതല്‍ റോഡില്‍ ആയിരങ്ങളെയാണ് കണ്ടത്.അതില്‍ നിറയെ സന്തോഷമുണ്ട്. ജനങ്ങളുടെ സ്നേഹത്തിന് നന്ദി. എല്ലാവരും അവരവരുടെ ബൂത്ത് തലത്തില്‍ ശക്തമായി പ്രവര്‍ത്തിക്കണം. ബൂത്തുകള്‍ നേടിയാല്‍ സംസ്ഥാനം നേടാന്‍ കഴിയും.മോദിയുടെ ഗ്യാരൻറി താഴെത്തട്ടില്‍ എത്തിക്കണം. കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളുമായി നിരന്തര ബന്ധം പുലര്‍ത്തണം. കേരളത്തിലെ പ്രവര്‍ത്തകരില്‍ വിശ്വാസമുണ്ട്. ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ വിജയിക്കും. പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപറഞ്ഞു.പാവങ്ങളുടെ ക്ഷേമത്തിനാണ് ബിജെപി പ്രധാന്യം നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരാണ് രാജ്യത്തെ മൊബൈല്‍ നിരക്കുകള്‍ കുറച്ചത്. അസ്ഥിരമായ സര്‍ക്കാരാണ് പത്ത് വര്‍ഷം മുമ്പ് ഭരിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളുമായി നമുക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച ബന്ധമാണ് ഇപ്പോഴത്തേതെന്നും മോദി പറഞ്ഞു.കൊച്ചി മറൈൻ ഡ്രൈവിലെ ബിജെപി പരിപാടിയിൽ നരേന്ദ്രമോദിക്കൊപ്പം പ്രൊഫ. ടിജെ .ജോസഫും പങ്കെടുത്തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫിനെ ബിജെപി നേതാക്കളാണ് യോഗത്തിലേക്ക് പ്രത്യേകം ക്ഷണിച്ചത്.  പ്രൊഫസർ ടി ജെ ജോസഫ് തയാറാക്കിയ ചോദ്യ പേപ്പറിൽ മത നിന്ദയുണ്ടെന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ കൈ പോപുലർ ഫ്രണ്ട് സംഘം വെട്ടിമാറ്റിയത്.13 വർഷം മുമ്പായിരുന്നു ദാരുണ സംഭവമുണ്ടായത്. കേസിലെ ഒന്നാം പ്രതി കഴിഞ്ഞ ദിവസമാണ് കണ്ണൂരിൽ അറസ്റ്റിലായത്.മറ്റ് പ്രതികൾ ശിക്ഷ അനുഭവിക്കുകയാണ്.  

Previous articleരാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം
Next articleഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും