തിരുവനന്തപുരം: ഹിന്ദു വിശ്വാസികൾക്ക് നേരെ കൊലവിളി ഉയർത്തിയ മുസ്ലീം ലീഗിനെതിരെ തുറന്നടിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ. തന്നെ ഇസ്ലാമിൽ നിന്നും പുറത്താക്കണമെന്ന് സൈബർ അക്രമികളെ കൂട്ടി മുസ്ലീം ലീഗ് അടക്കമുള്ളവർ ചർച്ച ചെയ്യുന്നുണ്ടാവും. മുസ്ലീം ലീഗ് അടക്കമുള്ള സംഘടനകൾ എനിക്കെതിരെ ഫത്വ വരെ ഇറക്കിയെന്നും വരാം. സ്വർണം കടത്തി പിടിക്കപ്പെട്ടാൽ അവർക്ക് പ്രശ്‌നമില്ല, പെൺകുട്ടികളെയും ആൺകുട്ടികളെയും ഉസ്താദുമാർ പീഡിപ്പിച്ചാൽ അവർക്ക് പ്രശ്‌നമില്ല. അവരെ ഒന്നും മതത്തിൽ നിന്ന് അവർക്ക് പുറത്താക്കേണ്ട. മണിപ്പൂർ വിഷയം ഏറ്റെടുത്ത് യൂണിഫോം സിവിൽ കോഡിനെ ഇല്ലാതാക്കാനുള്ള അജൻഡയാണ് കേരളത്തിൽ നടപ്പാക്കാൻ മുസ്ലീം ലീഗ് അടക്കമുള്ളവർ ശ്രമിക്കുന്നത്.
വേറെ ഒരു സംസ്ഥാനത്തും ഇത്തരത്തിൽ വിദ്വേഷ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനങ്ങൾ മണിപ്പൂർ വിഷയത്തിൽ ഉണ്ടാവുന്നില്ല. മണിപ്പൂരിൽ നടക്കുന്നതോർത്ത് എല്ലാവർക്കും വിഷമമുണ്ട്. എന്നാൽ, അത് പരിഹരിക്കാൻ വേണ്ടിയല്ല കേരളത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നത്. ഇസ്ലാമിൽ നല്ല മനുഷ്യരുണ്ട്. അവർക്ക് ഹിന്ദുക്കളോടോ ബിജെപിയോടോ എതിർപ്പൊന്നുമില്ല. എന്നാൽ, അവർക്ക് അത് പരസ്യമായി പറയാനുള്ള ധൈര്യമില്ല. എങ്ങനെ ധൈര്യം വരും. എനിക്ക് ഇങ്ങനെ പറയാൻ കഴിയുന്നത്, എനിക്ക് നേരെ വരുന്നവരോട് പോയി പണി നോക്ക് എന്നു പറയാൻ പഠിച്ചതുകൊണ്ടാണ്. സാധാരണക്കാരായ മുസ്ലീങ്ങൾക്ക് മഹല്ല് കമ്മറ്റിയെ ഭയമാണ്. അതും മുസ്ലീം ലീഗിന്റെ കയ്യിൽ തന്നെയാണ്. എന്തെങ്കിലും പറഞ്ഞാൽ അവർ മഹല്ലിൽ നിന്ന് പുറത്താക്കും, അവരെ ഒറ്റപ്പെടുത്തും. അതുകൊണ്ടാണ് മുസ്ലീം ലീഗ് അടക്കമുള്ളവരുടെ ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ നല്ലവരായ മുസ്ലീങ്ങൾ പ്രതികരിക്കാത്തത്.
ബിജെപിയെ പരസ്യമായി അനുകൂലിച്ചാൽ മക്കളുടെ നിക്കാഹ് അവർ നടത്താൻ അനുവദിക്കില്ല, പള്ളിയിൽ കബറടക്കാൻ അനുവദിക്കില്ല. പിന്നെയെങ്ങനെയാണ് അവർ ശബ്ദിക്കുന്നത്. മുസ്ലീം ലീഗിന്റെ പ്രകടനം എൻഐഎ അന്വേഷിക്കണമെന്നാണ് എന്റെ ആവശ്യം. ഇതിന് പിന്നിൽ ഒരു അജൻഡ ഉണ്ട്. യുസിസിയെ ഇല്ലാതാക്കാനാണ് മണിപ്പൂർ വിഷയം കേരളത്തിൽ കത്തിക്കുന്നതെങ്കിൽ അത് വെറുതെയാണ്. യുസിസി രാജ്യത്ത് നടപ്പാക്കും എന്ന് ഉറപ്പല്ലേ. ഇന്ത്യ ഭരിക്കുന്നത് നരേന്ദ്രമോദിയാണെങ്കിൽ മണിപ്പൂർ വിഷയം പരിഹരിക്കപ്പെടുമെന്നും യുസിസി നടപ്പാക്കുമെന്നും ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഇന്ത്യയിൽ മുസ്ലീങ്ങൾ സുരക്ഷിതരാണ്. നല്ല മുസ്ലീങ്ങളുടെ പിന്തുണ ബിജെപിക്ക് എന്നുമുണ്ട്. ഭാരതത്തിന്റെ സംസ്കാരമാണ് എന്റെ സംസ്‌കാരം. ഇതെല്ലാം തുറന്നു പറയുമ്പോൾ എന്നെ സംഘി എന്നും വിളിക്കും. എനിക്കതൊരു പ്രശ്നമേ അല്ല- എന്നും നുസ്രത്ത് ജഹാൻ പറഞ്ഞു.