ഉത്തർപ്രദേശിൽ വിദ്യാർത്ഥിയെ മുഖത്തടിപ്പിച്ച സംഭവം; അധ്യാപികക്കെതിരെ വകുപ്പ്തല നടപടി

ലഖ്നൗ: ഉത്തർ പ്രദേശിൽ മുസ്‌ലിം വിദ്യാർത്ഥിയെ മുഖത്തടിപ്പിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കും. അധ്യാപിക തൃപ്ത ത്യാഗിക്കെതിരെയാണ് നടപടി സ്വീകരിക്കുക. തൃപ്തയെ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തന്നെ സസ്പെൻഡ് ചെയ്യുമെന്നാണ് വിവരം. കുട്ടിയെ തല്ലുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകി. കുട്ടിയുടെ പിതാവ് അധ്യാപികക്കെതിരെ പൊലീസിൽ പരാതി നൽകി.

വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചിരുന്നു. അധ്യാപികയുടെ നടപടി വർഗീയ സ്വഭാവമുള്ളതാണോയെന്ന് പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രചരിച്ച വീഡിയോയിൽ അധ്യാപിക വർഗീയ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അധ്യാപികയുടെ നിർദേശ പ്രകാരം ക്ലാസിലെ വിദ്യാർത്ഥികൾ സഹപാഠിയെ മർദ്ദിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടു. വീഡിയോയിൽ അധ്യാപിക പറയുന്ന ആക്ഷേപകരമായ വാക്കുകളെ കുറിച്ച് സ്കൂൾ പ്രിൻസിപ്പലുമായി സംസാരിച്ചുവെന്നും പൊലീസ് സൂപ്രണ്ട് സത്യനാരായണ പ്രജാപത് എക്സിലൂടെ വ്യക്തമാക്കി. വിവരം വിദ്യാഭ്യാസ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും അധ്യാപകനെതിരെ നടപടിയെടുക്കുമെന്നും പൊലീസ് ഓഫീസർ പ്രസ്താവനയിൽ പറഞ്ഞു. അധ്യാപികയ്ക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടതായി ബാലാവകാശ കമ്മീഷനും അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധമറിയിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, സ്‌കൂൾ പോലുള്ള പുണ്യസ്ഥലത്തെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുകയാണെന്ന് രാഹുൽ പറ‍ഞ്ഞു. ഒരു അധ്യാപകന് രാജ്യത്തിന് വേണ്ടി ഇതിലും മോശമായി ഒന്നും ചെയ്യാൻ കഴിയില്ല. ഇത് തന്നെയാണ് ബിജെപി തളിച്ച മണ്ണെണ്ണ. ഇന്ത്യ കത്തിക്കയറുകയാണ്. കുട്ടികളാണ് ഇന്ത്യയുടെ ഭാവി, അവരെ വെറുക്കരുത്. എല്ലാവരും ഒരുമിച്ച് സ്നേഹം പഠിപ്പിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Previous articleപൊരുതിത്തോറ്റ് പ്രഗ്നാനന്ദ; ചെസ് ലോകകപ്പ് ഫൈനലില്‍ തോല്‍വി
Next articleദലിത് യുവാവിനെ ആൾകൂട്ടം തല്ലിക്കൊന്നു; അമ്മയെ നഗ്നയാക്കി, സഹോദരിക്കും മർദനം