കേന്ദ്രത്തില്‍ നിന്ന് വി മുരളീധരന്റെ തറവാട്ട് സ്വത്തല്ല ചോദിച്ചത്’: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന് അര്‍ഹമായ തുക കേന്ദ്രമന്ത്രി വി മുരളീധരന്റെ തറവാട്ടു സ്വത്തില്‍ നിന്ന് തരാന്‍ അല്ല ആവശ്യപ്പെട്ടതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിന്റെ അവകാശമാണ് ചോദിച്ചത്. നമ്മള്‍ നികുതിയായി കൊടുത്ത പണം തിരിച്ചു തരാന്‍ ആണ് പറഞ്ഞത്. അത് എന്തോ ഔദാര്യം പോലെയാണ് അദ്ദേഹം കണക്കാക്കുന്നത്. തന്റെ തറവാട്ടു സ്വത്തില്‍ നിന്ന് എടുത്തു തരാന്‍ പറ്റില്ല എന്ന രീതിയിലാണ് അദ്ദേഹം പറയുന്നതെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കേരളത്തിന്റെ എന്തെങ്കിലും വികസന പ്രശ്‌നം വന്നാല്‍ കേന്ദ്രമന്ത്രി അത് മുടക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ കേരള സംസ്ഥാന വികസനം മുടക്കു വകുപ്പ് മന്ത്രി എന്ന് വിളിച്ചത്.ജനാധിപത്യത്തെക്കുറിച്ച് മുരളീധരന്‍ അധികം പറയേണ്ട. അദ്ദേഹം പറഞ്ഞ അതേ രീതിയില്‍ മറുപടി പറയാന്‍ എന്റെ രാഷ്ട്രീയ സംസ്‌കാരം അനുവദിക്കുന്നില്ല. നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ അദ്ദേഹം ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്വന്തം നാട് നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന വികൃത മനസ്സുള്ള വ്യക്തിയായി മുരളീധരന്‍ മാറുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Previous articleതെലങ്കാനയില്‍ മുഖ്യമന്ത്രിക്കായി ഇനി ട്രാഫിക് നിര്‍ത്തില്ല; അകമ്പടി വാഹനങ്ങള്‍ ഒമ്പതാക്കി കുറച്ചു
Next article‘ജനങ്ങൾക്ക് പറയാനുള്ളത്’