കോണ്‍ഗ്രസ് ക്ഷയിച്ചതിന് താനടക്കം കാരണക്കാര്‍; വെളിപ്പെടുത്തല്‍ പ്രണബിന്റെ അവസാന ഡയറിക്കുറിപ്പില്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കുടുംബാധിപത്യപാര്‍ട്ടിയായി ക്ഷയിച്ചതിന് താനടക്കമുള്ളവര്‍ ഉത്തരവാദികളാണെന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ഡയറിക്കുറിപ്പ്. നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത നേതൃത്വത്തിനു കീഴില്‍ കോണ്‍ഗ്രസ് എത്തിയതോടെ അതിന്റെ ജനാധിപത്യസ്വഭാവം നഷ്ടപ്പെട്ടെന്ന് മരിക്കുന്നതിന് ഒരുമാസംമുമ്പ് 2020 ജൂലായ് 28-ന് എഴുതിയ ഡയറിക്കുറിപ്പില്‍ പ്രണബ് വ്യക്തമാക്കുന്നു. പ്രണബിന്റെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജിയുടെ ‘പ്രണബ് മൈ ഫാദര്‍’ എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തലുള്ളത്.കോണ്‍ഗ്രസിന് ജനാധിപത്യസ്വഭാവം നഷ്ടമായത് രാഷ്ട്രീയവ്യവസ്ഥയെതന്നെ സ്വാധീനിച്ചു. ‘സ്വാതന്ത്ര്യാനന്തരം 37 വര്‍ഷക്കാലം ഒരേ കുടുംബത്തിലെ അഞ്ചംഗങ്ങളിലേക്കുമാത്രം കോണ്‍ഗ്രസിന്റെ അധ്യക്ഷപദം ഒതുങ്ങി. ഈ കുടുംബം സംഘടനയ്ക്ക് ഇപ്പോള്‍ ചൈതന്യം പകരുന്നില്ല. പകരം അതിന്റെ കരുത്ത് തിന്നുതീര്‍ക്കുകയാണ്. 2001-03 കാലത്ത് സോണിയാജി ഭാഗികമായി നേടിയെടുത്ത അടിത്തറ 2004 ആയപ്പോഴേക്കും നഷ്ടമായി. പ്രാദേശികപാര്‍ട്ടികളെ കൂട്ടുപിടിച്ച് കേന്ദ്രത്തില്‍ അധികാരം നേടിയെടുക്കുന്നതിലായി അവരുടെ താത്പര്യം. ഈ അപചയത്തിന് ഞാനും എന്നെപ്പോലുള്ളവരും എത്രമാത്രം ഉത്തരവാദികളാണെന്ന് ചിന്തിക്കാറുണ്ട്. 1970-കളിലും 80-കളിലും ഇന്ദിരാഗാന്ധിയോടും പിന്നീട് സോണിയയോടും കാണിച്ച അന്ധമായ വിധേയത്വം പാര്‍ട്ടിയെ കുടുംബത്തിന് പണയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടോ? തിരഞ്ഞെടുപ്പുനടത്തി ജനാധിപത്യമാര്‍ഗത്തിലൂടെ നേതാവിനെ തിരഞ്ഞെടുക്കുന്നത് ഇല്ലാതാക്കിയതില്‍ ഞങ്ങളും കാരണക്കാരാണോ’ -പ്രണബ് മുഖര്‍ജി ഡയറിക്കുറിപ്പില്‍ ചോദിക്കുന്നുപ്രണബിന് ഭാരതരത്‌ന നല്‍കിയത് നാഗ്പുരിലെ ആര്‍.എസ്.എസ്. സമ്മേളനത്തില്‍ പങ്കെടുത്തതിലുള്ള സമ്മാനമാണെന്ന് ചിലര്‍ പ്രചരിപ്പിച്ചെന്ന് പുസ്തകത്തിലുണ്ട്. ഗാന്ധികുടുംബത്തില്‍നിന്ന് ആരും പുരസ്‌കാരദാനച്ചടങ്ങില്‍ എത്താതിരുന്നത് പലരുടെയും നെറ്റിചുളിപ്പിച്ചു. കോണ്‍ഗ്രസിന്റെ സംഭാവനയ്ക്കുള്ള വലിയ അംഗീകാരമായിരുന്നു പുരസ്‌കാരമെന്നാണ് പ്രണബ് ചിന്തിച്ചത്. അദ്ദേഹത്തെ അഭിനന്ദിച്ച് രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ച വരികള്‍ അദ്ദേഹം ചടങ്ങില്‍ ഉദ്ധരിച്ചെന്നും ശര്‍മിഷ്ഠ പുസ്തകത്തില്‍ പറയുന്നു.

Previous articleഗവർണർ പ്രായത്തിന്റെ പക്വതയോ പദവിയുടെ അന്തസ്സോ കാണിക്കണം’; എം.ബി രാജേഷ്
Next articleവണ്ടിപ്പെരിയാർ കൊലക്കേസ്: ഗൗരവമായി പരിഗണിക്കും, തുടർനടപടികളുണ്ടാകും -മുഖ്യമന്ത്രി