ജയ്പൂർ: തന്റെ ചർമ്മ സംരക്ഷണത്തെക്കുറിച്ചും, പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ചും, എന്തുകൊണ്ടാണ് ഇതുവരെ വിവാഹം ചെയ്യാത്തത് എന്ന് തുടങ്ങീ വിദ്യാർത്ഥിനികൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി രാഹുൽ ഗാന്ധി. ജയ്പൂരിൽ മഹാറാണി കോളേജിലെ വിദ്യാർത്ഥിനികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുൽ ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇതുവരെ വിവാഹം കഴിക്കാതിരുന്നത് എന്ന ചോദ്യത്തിന്, ജോലിയിലും കോൺഗ്രസ് പാർട്ടി പ്രവർത്തനങ്ങളിലും മുഴുകിയിരുന്നത് കൊണ്ടാണ് താൻ ഇതുവരെ വിവാഹം കഴിക്കാതിരുന്നതെന്നാണ് രാഹുൽ മറുപടി നൽകിയത്.
പ്രിയപ്പെട്ട ഭക്ഷണരീതിയെ കുറിച്ചും രാഹുൽ വിദ്യാർത്ഥിനികളോട് പറയുന്നുണ്ട്. പാവയ്‌ക്കയും കടലയും ചീരയും ഒഴികെയുള്ള എന്തു സാധനവും തനിക്ക് ഏറെ പ്രിയങ്കരമാണെന്നാണ് രാഹുൽ പറയുന്നത്. സൗന്ദര്യ സംരക്ഷണത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. മുഖത്ത് താൻ ക്രീമോ സോപ്പോ ഉപയോഗിക്കാറില്ലെന്നും, പച്ചവെള്ളം ഉപയോഗിച്ച് കഴുകുന്നതാണ് രീതിയെന്നും രാഹുൽ പറയുന്നു.
രാഷ്‌ട്രീയക്കാരൻ ആയിരുന്നില്ലെങ്കിൽ മറ്റേത് ജോലിയായിരിക്കും തിരഞ്ഞെടുക്കുക എന്നതായിരുന്നു മറ്റൊരു വിദ്യാർത്ഥിനിയുടെ സംശയം. യുവാക്കളെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപകനാണ് താൻ എന്നും, മറ്റ് ചിലപ്പോൾ അത് പാചകക്കാരന്റെ റോളിലേക്ക് മാറുമെന്നും രാഹുൽ പറയുന്നു. ഒന്നിലധികം കാര്യങ്ങളിൽ ഇടപെടുന്നതിനാൽ അതിന് കൃത്യമായ ഉത്തരം നൽകാൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു