തിരുവനന്തപുരം: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ തള്ളിയ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സത്യം ജയിക്കുമെന്നും ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. രാഹുലിനെ ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല.
വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും കോൺഗ്രസിന് വിശ്വാസമുണ്ട്. സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി-അമിത് ഷാ-കോര്‍പ്പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവാക്കുന്നവരും രാഹുലില്‍ കാണുന്ന യോഗ്യതയും അതു തന്നെയാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
അപകീർത്തി കേസിൽ സൂറത്ത് സിജെഎം കോടതി രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ ശിക്ഷ വിധിച്ചിരുന്നു. ഇതോടെ എംപി സ്ഥാനത്തുനിന്ന് രാഹുൽ ആയോഗ്യനാക്കപ്പെട്ടു. ഇതിന് പിന്നാലെ വിധിക്കെതിരായി രാഹുൽ നൽകിയ അപ്പീലാണ് ഗുജറാത്ത് ഹൈക്കോടതി തള്ളിയത്. ഏതെങ്കിലും തരത്തില്‍ വിചാരണ കോടതിയുടെ നടപടി ക്രമങ്ങളില്‍ ഇടപെട്ട് ശിക്ഷ സ്റ്റേ ചെയ്യുന്നത് റൂള്‍ അല്ലായെന്നും, സൂറത്ത് സിജെഎം കോടതിയുടെ വിധിയിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായും കോടതി നിരീക്ഷിച്ചു.