പട്ടിക്കാട്: മുസ്‌ലിം ലീഗ് നേതൃത്വത്തെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാണക്കാട് തങ്ങള്‍മാര്‍ മതേതരത്വത്തിന് വേണ്ടി നിലനിന്നവരാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതര മതങ്ങളുമായി നല്ല ബന്ധമാണ് അവര്‍ക്കുള്ളത്. അതാണ് മുസ്‌ലിം ലീഗിന്റെയും മഹനീയ ചരിത്രം. പാണക്കാട് കുടുംബത്തിന്റെ പാരമ്പര്യം സാദിഖലി തങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പട്ടിക്കാട് ജാമിഅഃ നൂരിയ്യ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സമാധാന പാതയാണ് സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങള്‍ മാര്‍പാപ്പയെ പോയി കണ്ട ചിത്രം കണ്ടപ്പോള്‍ തന്റെ മനസ് നിറഞ്ഞു. സാദിഖലി തങ്ങള്‍ ഉദാത്ത മാതൃകയാണ്. എല്ലാ മതങ്ങള്‍ക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കാന്‍ പാണക്കാട് കുടുംബത്തിന് സാധിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അതിനിടെ ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സാദിഖലി തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച സ്വാഭാവികമാണെന്നും രാഷ്ട്രീയം ചര്‍ച്ചയായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും നല്ല ബന്ധമാണ് ലീഗുമായുള്ളത്. ലീഗുമായുള്ള ബന്ധം ഒരിക്കലും ഇല്ലാതാകില്ല. ഈ ബന്ധം സുദൃഢമായി മുന്നോട്ടു പോകും. ലീഗുമായി ഒരിക്കലും അകല്‍ച്ച ഉണ്ടായിട്ടില്ല. ലീഗ് എല്ലാക്കാലത്തും തനിക്കൊപ്പമുണ്ടെന്നും ഇനിയുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.