ആറ് കോടിയുടെ റോഡ് പൊളിഞ്ഞ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

കോഴിക്കോ‌ട്: ആറ് കോടി രൂപ മു‌‌ടക്കി നി‍ർമ്മിച്ച റോഡ് ആറാം നാൾ പൊളിഞ്ഞതിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് കുളിമാട് എരഞ്ഞിമാവ് റോഡാണ് നിർമ്മിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ തകർന്നത്. ഉപ്പു തിന്നവൻ വെളളം കുടിക്കും. വിജിലൻസ് വിഭാഗത്തോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു. റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് നടപടി.

രണ്ട് വർഷം തകർന്ന് കിടന്ന റോഡാണ് ആധുനിക രീതിയിൽ നിർമ്മിച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴിയാവുകയായിരുന്നു. പൊളിഞ്ഞ ഭാ​ഗം റീടാർ ചെയ്ത് പ്രശ്നം പരിഹരിക്കാൻ ഉദ്യോ​ഗസ്ഥ തലത്തിൽ നീക്കം നടക്കുന്നതിനിടയിലാണ് അഴിമതിക്കാരെ കണ്ടെത്താൻ മന്ത്രി നേരിട്ടിടപെട്ടത്. ഇത്തരം കാര്യങ്ങൾക്ക് കർക്കശ്ശ നിലപാടാണ് സ്വീകരിക്കുന്നതെന്നും പി‍‍‍ഡബ്ല്യുഡി വിജിലൻസ് വിഭാ​ഗത്തിനോട് അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രയും പെട്ടന്ന് നടപടി ആരംഭിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

കൈകൊണ്ട് പൊളിച്ച് മാറ്റാവുന്ന അവസ്ഥയിലാണ് റോഡിന്റെ നിലവിലുള്ള അവസ്ഥ. വലിയ ടോറസ് ലോറികൾ കരിങ്കല്ലുമായി ഈ വഴി പോകുന്നതാണ് റോഡ് പൊളിയാൻ കാരണമെന്നാണ് ഉദ്യോ​ഗസ്ഥരുടെ ന്യായീകരണം. എന്നാൽ മുൻപ് പൊളിഞ്ഞുകിടന്നിരുന്ന ഭാ​ഗത്തല്ല ഇപ്പോൾ പൊളിഞ്ഞിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ജനങ്ങളുടെ ഏറെ നാളത്തെ സമരത്തിന് ശേഷമാണ് റോഡ് നിർമ്മിച്ചത്.

Previous articleഅപേക്ഷകന് പിഴപ്പലിശ ഇനത്തിൽ നൽകാവുന്ന പരമാവധി ഇളവാണ് നൽകിയത്’; 515 രൂപ ഇളവിൽ വിശദീകരണവുമായി കേരള ബാങ്ക്
Next articleഗോപിനാഥ് മുതുകാടിനെതിരെസി.പി. ശിഹാബാബ്