ആർ.എസ്.എസ് മുൻ ദേശീയ നേതാവും ഭാര്യയും തട്ടിപ്പ് കേസിൽ അറസ്റ്റിൽ

പാലക്കാട്: അടച്ചുപൂട്ടിയ ഫാക്ടറിയിലെ പഴയ യന്ത്രഭാഗങ്ങൾ നൽകാമെന്ന് പറഞ്ഞ് മൂന്നരകോടി വാങ്ങി വഞ്ചിച്ച കേസിൽ ആർ.എസ്.എസ് മുൻ ദേശീയ നേതാവും ഭാര്യയും അറസ്റ്റിൽ. തൃത്താല ഞാങ്ങാട്ടിരി മേലേടത്ത് കെ.സി. കണ്ണൻ (60), ഭാര്യ ജീജാബായി എന്നിവരെയാണ് പാലക്കാട് ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.

2023 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. 30 വർഷം മുമ്പ് ബംഗളൂരുവിൽ അടച്ചുപൂട്ടിയ പഞ്ചസാര ഫാക്ടറി വാങ്ങിയെന്നും അതിലെ യന്ത്രഭാഗങ്ങൾ ‘സ്ക്രാപാ’യി നൽകാമെന്നും പറഞ്ഞ് ബംഗളൂരു സ്വദേശി മധുസൂദന റെഡ്ഡിയുമായി പട്ടാമ്പിയിൽ വെച്ച് കരാറുണ്ടാക്കുകയായിരുന്നു. ഓരോ യന്ത്രഭാഗത്തിനും വില നിശ്ചയിക്കുകയും മൂന്നര കോടി രൂപ മുൻകൂറായി കണ്ണനും ഭാര്യയും വാങ്ങുകയും ചെയ്തെന്നാണ് പരാതി.

ആറുമാസത്തിനു ശേഷവും സാമഗ്രികൾ കിട്ടാതായതോടെ കഴിഞ്ഞ സെപ്​റ്റംബർ 30ന് പട്ടാമ്പി പൊലീസിൽ മധുസൂദന റെഡ്ഡി പരാതി നൽകി. അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് വ്യാഴാഴ്ച ഉച്ചയോടെയാണ് കണ്ണനെയും ജീജാബായിയെയും അറസ്റ്റ് ചെയ്തത്. ഇവർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല.

കെ.സി. കണ്ണൻ ആർ.എസ്.എസ് സഹ സർ കാര്യവാഹ് ആയിരുന്നു. ജീജാബായിയെ മലമ്പുഴ സബ്ജയിലിലേക്കും കണ്ണനെ ഒറ്റപ്പാലം സബ് ജയിലിലേക്കുമാണ് കൊണ്ടുപോയത്. അന്വേഷണ സംഘത്തിൽ ഡിവൈ.എസ്.പി കെ.എ. അബ്ദുൽ സലാം, എസ്.ഐമാരായ വി.ആർ. മനോജ് കുമാർ, പ്രകാശൻ, സി.പി.ഒ വിജീഷ് എന്നിവരുണ്ടായിരുന്നു.

Previous articleശരദ് പവാറിന് തിരിച്ചടി; അജിത് വിഭാഗത്തെ യഥാർഥ എൻ.സി.പിയായി അംഗീകരിച്ച്അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ
Next articleസോണിയ രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക്; നാളെ പത്രിക സമര്‍പ്പിക്കും