തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി തന്ത്രം മെനയും’; ഷിബു ബേബി ജോൺ

തിരുവനന്തപുരം: ബിജെപി ഭരണത്തിൽ സാധാരണക്കാരുടെ അവസ്ഥ ദയനീയമെന്ന് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ. ബിജെപിയെ എതിർക്കുന്നവരെ രണ്ടാംകിട പൗരന്മാരായി മാറ്റുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ ബിജെപി തന്ത്രങ്ങൾ ആവിഷ്ക്കരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പുൽവാമ ആക്രമണം ഉപയോഗിച്ചുവെന്നും ഷിബു ബേബി ജോൺ ആരോപിച്ചു. ബിജെപിയെ നേരിടാൻ ഭൂരിപക്ഷ മതവിശ്വാസികളെ കൂടെ നിർത്തണം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ മാറ്റി നിർത്തിയുള്ള പോരാട്ടം വൃഥാവിലാണ്. ബിജെപിയെ എതിർക്കാനുള്ള ഏക ശക്തി കോൺഗ്രസ് ആണ്. എന്തിനും ഏതിനും കോൺഗ്രസ്സിനെ കുറ്റപ്പെടുത്തരുതെന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു.നവകേരള സദസ്സിലൂടെ 140 മണ്ഡലങ്ങളിൽ പിണറായി പ്രസംഗിച്ചു. എന്നാൽ ഒരിടത്ത് പോലും മോദിയെ വിമർശിച്ചില്ലെന്നും ആർഎസ്പി നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി മോദിയെ എന്തുകൊണ്ട് വിമർശിച്ചില്ലെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി സൃഷ്ടിച്ച നവകേരളം അഭിമാനകരമല്ലെന്നും ആർഎസ്പി നേതാവ് ചൂണ്ടിക്കാണിച്ചു.

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കഴിഞ്ഞാൽ മോദിയെ ശക്തമായി എതിർക്കുന്നത് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. സർ സി പിയെ ലജ്ജിപ്പിക്കുന്ന നരനായാട്ടാണ് കേരളത്തിൽ നടക്കുന്നത്. മനുഷ്യപറ്റില്ലാത്തവരുടെ മുന്നിൽ സമരം ചെയ്തിട്ട് കാര്യമില്ല. പ്രതിഷേധത്തോട് മോദിയേക്കാൾ അസഹിഷ്ണുതയാണ് കേരളത്തിൽ. ഇതിൽ യെച്ചൂരിയുടെ മറുപടി കേൾക്കണമെന്നുണ്ട്. സർക്കാരിന് മനുഷ്യപ്പറ്റില്ല. ഒരു വ്യക്തിയുടെ പേരിൽ 250 കേസുകൾ വരെയുണ്ട്. സമരങ്ങൾക്ക് പരിമിതിയുണ്ടെന്നും യൂത്ത് കോൺഗ്രസ് സമരം ശ്ലാഘനീയമാണെന്നും ആർഎസ്പി നേതാവ് പറഞ്ഞു.സംസ്ഥാനത്ത് 20 സീറ്റിലും യുഡിഎഫ് ജയിക്കും. ബിജെപി കേരളത്തിൽ ജയിക്കാൻ പോകുന്നില്ല. സുരേഷ് ഗോപിയോട് സഹതാപം തോന്നുന്ന നിലയിലാണ് സൈബർ ആക്രമണങ്ങൾ. ബിജെപിക്ക് ആളെ കൂട്ടുന്ന നിലയ്ക്കാണ് ഓരോ നടപടികളും. സുരേഷ് ഗോപിക്ക് ഒരു ഇരയുടെ പരിവേഷം കിട്ടി. സിപിഐഎം അല്ല ഇതിന് പിന്നിലെങ്കിൽ അന്യഗ്രഹത്തിൽ നിന്ന് ആരെങ്കിലും വന്നതായിരിക്കും. തൃശ്ശൂരിലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങൾ അതിന് മുകളിൽ തീരുമാനമെടുക്കുമെന്നും ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പിൽ സീറ്റ് ചോദിക്കുന്നത് സ്വാഭാവികമാണ്. അത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണ്. ഇക്കാര്യത്തിൽ സമവായത്തിലൂടെ തീരുമാനം ഉണ്ടാകും. കൊല്ലത്ത് സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. എല്ലാ ഘടകങ്ങളും നോക്കിയ ശേഷം തീരുമാനിക്കും. തിരഞ്ഞെടുപ്പിനുളള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ആർഎസ്പി സീറ്റ് ചോദിച്ചിട്ടില്ലെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി.

Previous articleഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും
Next articleമനുഷ്യച്ചങ്ങല നാടകം; അനാവശ്യ ധൂർത്ത് സർക്കാരിൻ്റെ മുഖമുദ്ര: രമേശ് ചെന്നിത്തല