ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് എനിക്കെതിരെ പ്രചരണം’; നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രൻ

കോഴിക്കോട് : ബിജെപി നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് ശോഭ സുരേന്ദ്രൻ. ബിജെപിയിൽ നിന്നും തന്നെ പുറത്താക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അതിനുളള വെളളം വാങ്ങിവയ്ക്കണമെന്ന് ശോഭ സുരേന്ദ്രൻ പരസ്യമായി തുറന്നടിച്ചു.ബിജെപി എന്റെ കൂടി പാർട്ടിയാണ്. വഴിയിൽ തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് തട്ടി നീക്കി മുന്നോട്ടു പോകും. ട്രൗസർ ഇട്ട് മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുകയാണ്. ഇതിനോട് കൂടുതൽ പ്രതികരിക്കേണ്ട കാര്യമില്ല’. ഏതെങ്കിലും രീതിയിൽ താൻ പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മുതിർന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസുമായി നടത്തിയ സാധാരണ കൂടിക്കാഴ്ച മാത്രമാണെന്നും ശോഭ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു. കോഴിക്കോട് പാർട്ടി പരിപാടിക്കെത്തിയ വേളയിലാണ് ശോഭ സുരേന്ദ്രൻ, പി കെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയത്. ഒരിടവേളയ്ക്ക് ശേഷം പാർട്ടി വേദികളിലും പൊതു പരിപാടികളിലും സജീവമാകുകയാണ് ശോഭ സുരേന്ദ്രൻ. അനൗദ്യോഗിക വിലക്കിനിടെയാണ് കോഴിക്കോട് രണ്ടാമത്തെ പരിപാടിയിൽ പങ്കെടുക്കുന്നത്. വെളളയിൽ മത്സ്യത്തൊഴിലാളികളുടെ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ ശോഭ സുരേന്ദ്രനെ, തടയണമെന്ന് ഒരുവിഭാഗം പ്രവർത്തകർ ശക്തമായി വാദിച്ചിരുന്നു. പാർട്ടി നേതൃത്വത്തിനെതിരെ നിലപാടെടുക്കുന്ന ശോഭ സുരേന്ദ്രനെ പരിപാടിയിൽ പങ്കെടുപ്പിക്കരുതെന്ന് ബിജെപി വാട്സാപ് ഗ്രൂപ്പുകളിൽ ശക്തമായി ആവശ്യമുയർന്നു. എന്നാൽ ഏതിർപ്പുകൾ അവഗണിച്ച് ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു. തുടർന്ന് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു, ഔദ്യോഗിക പക്ഷത്തിനെതിരെ രൂക്ഷമായ പ്രതികരണം.

Previous article56 ഇഞ്ചിൻ്റെ തൊലിക്കട്ടിയില്‍ വേദനയും നാണക്കേടും തറയാന്‍ 79 ദിവസം’; മോദിയെ പരിഹസിച്ച് ദ ടെലിഗ്രാഫ്
Next articleഫീസ് നൽകാൻ കഴിയാതെ പടിക്ക് പുറത്ത്; ഉമ്മൻ ചാണ്ടി ഇടപെട്ട് ആ പയ്യനെ കളക്ടറാക്കിയ കഥ