Home » വിപണിയിലെ അനിശ്ചിതത്വം നേട്ടമാക്കാം: മുന്നേറ്റത്തിന് സാധ്യത ഈ സെക്ടറുകളില്‍

വിപണിയിലെ അനിശ്ചിതത്വം നേട്ടമാക്കാം: മുന്നേറ്റത്തിന് സാധ്യത ഈ സെക്ടറുകളില്‍

by 24newsnet desk

ആഗോള അനിശ്ചിതത്വങ്ങളും കരുത്തുറ്റ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയും ചേര്‍ന്ന് സൃഷ്ടിക്കുന്ന സമ്മിശ്ര വികാരങ്ങള്‍ക്കിടയില്‍ സംവത് 2081ന്റെ തുടക്കം പൊതുവേ ഗുണകരമാണ്. ആഗോള ഘടകങ്ങളുടെ സ്വാധീനംമൂലം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയും വിദേശ സ്ഥാപന ഓഹരികളില്‍ നിന്നുള്ള പണമൊഴുക്കും മന്ദഗതിയിലാകുമെന്ന് ആശങ്കപ്പെട്ടിരുന്നു. യുക്രെയിന്‍, പലസ്തീന്‍ പ്രശ്നങ്ങളിലൂടെ തീവ്രതയേറുന്ന രാജ്യാന്തര സംഘര്‍ഷങ്ങളും കുതിക്കുന്ന വിലക്കയറ്റവും വര്‍ധിക്കുന്ന പലിശ നിരക്കുകളും ഈ ഉത്കണ്ഠക്കും ഊര്‍ജം നല്‍കി. എന്നാല്‍ സംവത് 2080 ന്റെ പ്രകടനം പ്രതീക്ഷയെ മറി കടന്നിരിക്കയാണ്. ആഗോള സംഘര്‍ഷം പ്രാദേശിക വത്ക്കരിക്കപ്പെടുകയും വിലക്കയറ്റത്തിന്റെയോ പലിശ നിരക്കുകളുടെയോ സ്വാധീനത്തില്‍ പെടാതെ യുഎസ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ കുതിപ്പു നടത്തുകയും ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.റിസ്‌ക് കുറയ്ക്കുന്നതിന് ഓഹരികള്‍, കടപ്പത്രങ്ങള്‍, സ്വര്‍ണ്ണം, പണം എന്നിങ്ങനെ വിവിധ ആസ്തികളില്‍ നിക്ഷേപിച്ച് പോര്‍്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കണമെന്ന് ചെറുകിട നിക്ഷേപകരോട് പറഞ്ഞിരുന്നു. മേല്‍പ്പറഞ്ഞ ഓരോ മേഖലയും കരുത്തുറ്റ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചാഞ്ചാട്ടങ്ങള്‍ നേരിടാന്‍ ഉതകുംവിധം പോര്‍ട്ഫോളിയോ ഭദ്രമാക്കുകയും ചെയ്യുന്നുണ്ട്. പരിഷ്‌കരണ നടപടികളും ആഭ്യന്തര ഡിമാന്റും കാരണം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മുന്നേറുമെന്നാണ് കണക്കാക്കുന്നത്. രാഷ്ട്രീയ സംഘര്‍ഷങ്ങളും വര്‍ധിക്കുന്ന യീല്‍ഡും മൂലം വാല്യുവേഷന്‍ വളരെക്കൂടുതലോ കുറവോ ആയിരുന്നില്ല. ചില ആഭ്യന്തര മേഖലകളില്‍ വാല്യുവേഷന്‍ വളരെ കൂടുതലും ആഗോള അനിശ്ചിതത്വങ്ങള്‍ക്കു വഴങ്ങുന്നതും ആയതിനാല്‍ ഓഹരികളും മേഖലകളും തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വന്‍കിട ഓഹരികള്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടത്. ആ ഘട്ടത്തില്‍ കോര്‍പറേറ്റ് കടപ്പത്രങ്ങള്‍ എ റേറ്റിംഗ് വരെ 8 ശതമാനം മുതല്‍ 11.25 ശതമാനം വരെ കൂപ്പണ്‍ നിരക്ക് വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള ഡിമാന്റ്, രൂപയുടെ മൂല്യത്തകര്‍ച്ച, ആഗോള സംഘര്‍ഷങ്ങള്‍, കൂടിയ തോതിലുള്ള വിലക്കയറ്റം, ആഗോള സമ്പദ്‌വ്യവസ്ഥയിലെ വേഗക്കുറവ് എന്നീ ഘടകങ്ങളുടെ സ്വാധീനം കാരണം സ്വര്‍ണ്ണത്തിന്റെ നിലയും ഭദ്രമായിരുന്നു. ഈ ആസ്തികളെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com