തിരുവനന്തപുരം: വധശ്രമക്കേസിൽ അറസ്റ്റിലായ ഇൻസ്റ്റഗ്രാം റീൽസ് താരം മീശ വിനീത് എന്ന പേരിൽ അറിയപ്പെടുന്ന കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിനീത് റിമാൻഡിൽ. മടവൂർ സ്വദേശി സമീർ ഖാനെ ആക്രമിച്ച് തല അടിച്ചുപൊട്ടിച്ച കേസിലാണ് വിനീതിനെ റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഒളിവിലായിരുന്ന ഇയാളെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിനീത് ഉൾപ്പെടെ നാലു പേർ രണ്ടു ബൈക്കുകളിലെത്തി ആക്രമണം നടത്തിയെന്നായിരുന്നു പരാതി. വിനീത് കേസിലെ മൂന്നാം പ്രതിയാണ്. സംഭവത്തിൽ മറ്റു പ്രതികളെ പിടികൂടാനായിട്ടില്ല.ഒക്ടോബർ 16ന് പോങ്ങനാട് കുറിച്ചിയിൽ ഇടറോഡിൽ വച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സമീർ ഖാൻ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിനീത്. ഒന്നിലധികം സ്റ്റേഷനിലും വിനീതിനെതിരെ കേസുണ്ട്. കാറ്, സ്കൂട്ടർ ഉൾപ്പടെ മോഷ്ടിച്ച കേസിൽ കന്റോൺമെന്റ്, കല്ലമ്പലം, നഗരൂർ, മംഗലപുരം സ്റ്റേഷനുകളിലും കേസുണ്ടായിരുന്നു.
അടിപിടി നടത്തിയതിന് കിളിമാനൂരിൽ ഉൾപ്പെടെ വേറെയും പന്ത്രണ്ടോളം കേസുകൾ വിനീതിന്റെ പേരിലുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും, പെട്രോൾ പമ്പ് മാനേജറുടെ പണം കവർന്ന കേസിലും വിനീത് അറസ്റ്റിലായിരുന്നു.