കോഴിക്കോട്: ദീൻ എന്നാൽ സമസ്തയാണെന്നും അതിനാണ് ഒന്നാം സ്ഥാനമെന്നും ഉമർ ഫൈസി മുക്കം. ബാക്കിയെല്ലാം രണ്ടാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. ആദർശം അമാനത്താണ് എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച ആദർശ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചകന്റെ പിന്തുടർച്ചക്കാരായ തങ്ങൾ കുടുംബത്തെ ബഹുമാനിക്കണം എന്ന് പഠിപ്പിക്കുന്നത് സമസ്തയാണ്. സമസ്തക്ക് തങ്ങൾ കുടുംബത്തെ ആക്ഷേപിക്കാൻ കഴിയില്ല. എടവണ്ണപ്പാറയിലെ പ്രസംഗത്തിൽ ഞാൻ പറഞ്ഞത് ഒരു മതവിധിയാണ്. ചാനലുകാരും മറ്റ് ചിലരും വളച്ചൊടിക്കുകയായിരുന്നു -ഉമർ ഫൈസി പറഞ്ഞു.ഖാദി ഫൗണ്ടേഷൻ സംസ്ഥാന അടിസ്ഥാനത്തിൽ ഉണ്ടാക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്. അത് തന്നെയാണ് സാദിഖലി തങ്ങളും പറഞ്ഞത്. സാദിഖലി തങ്ങൾ ഖാദിയായ സ്ഥലത്ത് ഫൗണ്ടേഷൻ രൂപവത്കരിക്കാം. അത് സംസ്ഥാന അടിസ്ഥാനത്തിൽ രൂപീകരിക്കുന്നതിന് പിന്നിൽ ചില താല്പര്യക്കാരാണെന്നും സാദിഖലി തങ്ങൾ പോലും അറിയാതെയാണ് ഈ പ്രവർത്തനം -അദ്ദേഹം പറഞ്ഞു. മുനമ്പത്തേത് വഖഫ് ഭൂമിയാണ്. ഇവിടെ നിന്ന് കുടിയേറ്റം ഒഴിപ്പിക്കണം. ഇപ്പോഴത്തെ സമരത്തിനു പിന്നിൽ റിസോർട്ട് മാഫിയയാണെന്നും അദ്ദേഹം പറഞ്ഞു. സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് വലിയ ഖാദിയുമായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. വർത്തമാന കാലത്ത് നടന്നു കൊണ്ടിരിക്കുന്ന ആദർശ വ്യതിയാനം വിശ്വാസ വ്യതിയാനത്തിലേക്കാണ് നയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുഫസ്സിൽ തങ്ങൾ അധ്യക്ഷത വഹിച്ചു.
സമസ്തക്ക് തങ്ങൾ കുടുംബത്തെ ആക്ഷേപിക്കാൻ കഴിയില്ല, എന്റെ പ്രസംഗം ചാനലുകാർ വളച്ചൊടിച്ചു -ഉമർ ഫൈസി മുക്കം
38