കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകാനേയുള്ളൂ പിണറായിയുടെ ഭരണം: വി ഡി സതീശന്‍

കൊച്ചി: പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരായ ആക്രമണത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകാനുള്ളതേയുള്ളു പിണറായിയുടെ ഭരണമെന്നും ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞുപൊതുഖജനാവും ജനങ്ങളുടെ പോക്കറ്റും കൊള്ളയടിച്ച് പിണറായി വിജയനും കൂട്ടരും നടത്തുന്ന അശ്ലീല ഘോഷയാത്രയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ല. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ല. പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയ്ക്കെതിരായ ആക്രമണം അപലപനീയവും കാടത്തവുമാണ്. എംഎല്‍എ ഉള്‍പ്പെടെയുളളവരെ പിണറായി വിജയന്റെ ഗുണ്ടകളാണ് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുന്ന സിപിഐഎം ക്രിമിനലുകളാണ് വഴിയരികില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മൃഗീയമായി ആക്രമിക്കുന്നത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഗുണ്ടാസംഘത്തിന്റെ അകമ്പടിയില്‍ ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നത്. നവകേരള സദസിനെത്തുന്നവര്‍ ഒന്നിച്ച് ഊതിയാല്‍ പറന്ന് പോകുന്നവരേയുള്ളു പ്രതിഷേധക്കാരെന്നാണ് പിണറായി പറയുന്നത്. അതു തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്, കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും’, വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.ഇരുപതോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ ആരോപണം. മര്‍ദിച്ചതിനെ തുടര്‍ന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്നും ആശുപത്രിയില്‍ ചികിത്സയിലാണെന്നും എംഎല്‍എ പറഞ്ഞു. പരിക്കേറ്റ കെഎസ്യു പ്രവര്‍ത്തകനെ ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് അക്രമണമുണ്ടായത്. ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ എംഎല്‍എയെയും കൂട്ടരെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. പൊലീസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി. മര്‍ദ്ദനത്തില്‍ എംഎല്‍എയുടെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Previous articleപൊതുജനാഭിപ്രായം
Next articleമൂന്നാം സീറ്റ് വേണ്ട, മിശ്ര വിവാഹത്തോട് വിയോജിപ്പ്, കശ്മീര്‍ വിധി നിരാശാജനകം; ജിയോ ബേബിക്കെതിരെയും പിഎംഎ സലാം