Home » ജനങ്ങൾ വെറുത്ത് തുടങ്ങിയപ്പോൾ മുഖം രക്ഷിക്കാനുള്ള നടപടി’; ദിവ്യയ്‌ക്കെതിരെയുള്ള പാർട്ടി നടപടിയിൽ വി ഡി സതീശൻ

ജനങ്ങൾ വെറുത്ത് തുടങ്ങിയപ്പോൾ മുഖം രക്ഷിക്കാനുള്ള നടപടി’; ദിവ്യയ്‌ക്കെതിരെയുള്ള പാർട്ടി നടപടിയിൽ വി ഡി സതീശൻ

by 24newsnet desk

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയ്‌ക്കെതിരെയുള്ള സിപിഐഎം നടപടി മുഖം രക്ഷിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനങ്ങള്‍ വെറുത്തു തുടങ്ങിയപ്പോള്‍ മുഖം രക്ഷിക്കാന്‍ എടുത്ത നടപടിയാണിതെന്ന് വി ഡി സതീശന്‍ റിപ്പോർട്ടറിനോട് പറഞ്ഞു. ഇത്ര നാള്‍ പാര്‍ട്ടി ദിവ്യയെ സംരക്ഷിച്ചത് അത്ഭുതപ്പെടുത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ് നടപടി പിന്‍വലിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. നവീന്‍ ബാബുവിന്റെ കുടുംബത്തോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സിപിഐഎമ്മിൻ്റെ ഇരട്ടത്താപ്പാണ് ഈ കേസിൽ ആദ്യാവസാനമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പി പി ദിവ്യയെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് നീക്കാനാണ് ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനമായത്. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെയാണ് തീരുമാനം നടപ്പാക്കുക. ഇതോടെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് ദിവ്യ പുറത്താകും. പി പി ദിവ്യ ഇനി സിപിഐഎം അംഗം മാത്രം ആകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നേരത്തെ നീക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം.

പി പി ദിവ്യയെ സിപിഐഎം സംരക്ഷിക്കുന്നു എന്ന പ്രതിഷേധവും പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുമുണ്ടായിരുന്നു. ഇത് വലിയ തിരിച്ചടിയാകുമെന്ന് മുതിര്‍ന്ന അംഗങ്ങള്‍ വിലയിരുത്തി. നടപടിയെടുക്കാന്‍ മേല്‍ കമ്മിറ്റിയുടെ അംഗീകാരം വേണം. ഇതിന്റെ ഭാഗമായാണ് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം തേടിയത്.

നവീന്‍ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ റിമാന്‍ഡിലായ ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ തലശ്ശേരി സെഷന്‍സ് കോടതി നാളെ വിധി പറയാനിരിക്കെയാണ് പാര്‍ട്ടി നടപടി വന്നിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദിവ്യയെ അറസ്റ്റ് ചെയ്തത്.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com