തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കോമ്പൗണ്ടുകളിലുള്ള പത്ത് വര്‍ഷത്തിലധികമായി ഓടാതെ കിടക്കുന്ന ഉപയോഗശൂന്യമായ തുരുമ്പെടുത്ത വാഹനങ്ങള്‍ ഒഴിപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. രണ്ടു മാസത്തിനുള്ളിൽ ഒഴിപ്പിക്കാനാണ് നിർദേശം. ‘ആര്‍ദ്രം ആരോഗ്യം’ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ക്കിടയില്‍ ഇങ്ങനെയുള്ള അനേകം വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.കേന്ദ്രസര്‍ക്കാരിന്റെ സ്‌ക്രാപ് പോളിസി പ്രകാരം സര്‍ക്കാര്‍ മേഖലയ്ക്ക് മാത്രം നിര്‍ബന്ധമാക്കിയ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ അല്ല ഇത്. കേന്ദ്രത്തിന്റെ വിലക്ക് വന്ന സമയം വരെ ഉപയോഗത്തിലായിരുന്ന വാഹനങ്ങളാണിത്. വാഹനങ്ങൾ കണ്ടംചെയ്ത് ഒഴിപ്പിക്കുന്നതിന് വിവിധ സെക്ഷനുകളിലുള്ള ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ഫയലില്‍ തീരുമാനമെടുത്ത് പ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞു. കണ്ടം ചെയ്യുന്ന നടപടികള്‍ക്ക് അനാവശ്യമായ കാലതാമസം ഒഴിവാക്കണം. വാഹനം സംബന്ധിച്ച സ്ഥാപനത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് നല്‍കല്‍, ഉപയോഗശൂന്യമായ വാഹനത്തിന്റെ വാല്യു അസസ്‌മെന്റ്, അനുമതി ഇതൊക്കെ സമയബന്ധിതമായി ലഭ്യമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.കോട്ടയം ജനറല്‍ ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ ഉപയോഗശൂന്യമായ വാഹനങ്ങളുളളത്. കോട്ടയം ജനറല്‍ ആശുപത്രി കോമ്പൗണ്ടിനുളളിൽ ഓടാത്ത, തുരുമ്പെടുത്ത 22 വാഹനങ്ങളാണുളളത്. വാഹനങ്ങൾ മൂലം അവിടെ ആരംഭിക്കേണ്ടിയിരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലും തടസപ്പെടുന്ന സാഹചര്യമാണുളളത്.