അദ്ദേഹത്തിന് തെറ്റ് മനസ്സിലായിട്ടുണ്ട്’; മുഖത്ത് മൂത്രമൊഴിച്ചയാളെ വെറുതെവിടണമെന്ന് ഇരയായ യുവാവ്

ഭോപാൽ: മുഖത്ത് മൂത്രമൊഴിച്ചയാളെ വെറുതെ വിടണമെന്ന് ഇരയായ ആദിവാസി യുവാവ്. പ്രതിയായ പ്രവേശ് ശുക്ലയെ വെറുതെ വിടണം. അദ്ദേഹം ചെയ്തത് അപമാനമുണ്ടാക്കുന്ന കാര്യമാണ്. അയാൾക്ക് തെറ്റ് മനസിലായിട്ടുണ്ടെന്നും അതിക്രമത്തിന് ഇരയായ ദശമത റാവത്ത് പറഞ്ഞു.

പ്രവേശ് ശുക്ലയ്ക്ക് തന്റെ തെറ്റ് മനസ്സിലായിട്ടുണ്ട്. അദ്ദേഹത്തെ വിട്ടയക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെടാനുളളതെന്ന് ദശമത റാവത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വരും കാലങ്ങളിൽ എന്ത് സംഭവിക്കുമെന്ന് അറിയില്ല. ചെയ്തത് അപമാനമുണ്ടാക്കുന്ന കാര്യമാണെന്ന് അറിയാമെങ്കിലും അദ്ദേഹം ഞങ്ങളുടെ ​ഗ്രാമത്തിലെ പണ്ഡിറ്റ് ആണ്. സർക്കാർ തങ്ങളുടെ ഗ്രാമത്തിലേക്ക് റോഡ് നിർമ്മിച്ചു നൽകണമെന്നും ദശമത റാവത്ത് പറഞ്ഞു.

ബിജെപി സിദ്ധി എംഎല്‍എ കേഥാര്‍നാഖ് ശുക്ലയുടെ അടുത്ത അനുയായി ആണ് പ്രവേശ് ശുക്ല. സംഭവത്തിന് പിന്നാലെ പ്രവേശ് ശുക്ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റേയും എസ് സി, എസ് ടി പീഡന നിരോധന നിയമത്തിന്റേയും ദേശീയ സുരക്ഷാ നിയമത്തിന്റേയും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.

മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. ക‌ടവരാന്തയിൽ ഇരിക്കുകയായിരുന്ന ദശമത റാവത്തിന്റെ മുഖത്തേക്കും ശരീരത്തിലേക്കും പ്രവേശ് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു. ബിജെപി നേതാവ് യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത് വിവാദമായതോ‌ടെ മധ്യപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർന്നിരുന്നു. സംഭവത്തിന് പിന്നാലെ ദശമത റാവത്തിനെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ വസതിയിലെത്തിച്ച് അദ്ദേഹത്തിന്റെ കാൽ കഴുകി കൊടുക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ദശമത റാവത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായവും വീടുവെയ്ക്കാൻ ഒരു ലക്ഷം രൂപയും സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Previous articleമലബാർ സമരകാലത്ത്​ ഹിന്ദുവീടുകൾ ആക്രമിച്ചത്​ മുസ്​ലിം വേഷം ധരിച്ച ബ്രിട്ടീഷുകാർ -അലക്​സാണ്ടർ ജേക്കബ്
Next articleഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഇ.എം.എസ് പറഞ്ഞിട്ടുള്ളത്:വി.ഡി. സതീശൻ