കോഴിക്കോട്: യൂത്ത് കോൺഗ്രസ് ഓൺലൈൻ അംഗത്വ വിതരണത്തിൽ പരാതിയുമായി മുസ്ലിം ലീഗ്. യൂത്ത് ലീഗ്, മുസ്ലിം ലീഗ് പ്രവർത്തകരെ യൂത്ത് കോൺഗ്രസിൽ ചേർക്കുന്നതായാണ് പരാതി. കോഴിക്കോട് അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയാണ് യൂത്ത് കോൺഗ്രസിനെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. യൂത്ത് കോൺഗ്രസിൻ്റെ വാശിയേറിയ മത്സരം മുന്നണി ബന്ധത്തെയും ബാധിച്ച അവസ്ഥയിലാണ്.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾ തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. പരമാവധി അംഗങ്ങളെ ചേർത്ത് വോട്ട് നേടാനുള്ള ശ്രമത്തിനിടെ പാർട്ടി മാറി ആളെ പിടിക്കുന്നുവെന്നത് മുന്നണി ബന്ധം വഷളാക്കിയിരിക്കുകയാണ്. അരിക്കുളത്ത് മാത്രമല്ല മറ്റ് പഞ്ചായത്തുകളിലും ലീഗ് പ്രവർത്തകരെ യൂത്ത് കോൺഗ്രസാക്കുന്നുവെന്ന് പരാതിയുണ്ട്. എന്നാൽ ലീഗിൻ്റെ ആരോപണങ്ങളെല്ലാം കോൺഗ്രസ് നിഷേധിച്ചു. പരാതികളെല്ലാം അവഗണിച്ച് അംഗത്വ വിതരണവുമായി മുന്നോട്ട് പോവുകയാണ് യൂത്ത് കോൺഗ്രസ്.
ഇതിനിടെ യൂത്ത്കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനെതിരെ സംസ്ഥാന വ്യാപകമായി പരാതികളുയരുന്നുണ്ട്. തിരഞ്ഞെടുപ്പ് ചട്ടവിരുദ്ധമെന്നാരോപിച്ച് നൽകിയ പരാതി കോടതി ഫയലിൽ സ്വീകരിച്ചു. ഷാഫി പറമ്പിലിനും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനും കോടതി നോട്ടീസയച്ചു. കോഴിക്കോട് ജില്ലാക്കോടതിയാണ് നോട്ടീസയച്ചത്. അംഗത്വ വിതരണവും ഓൺലൈൻ വോട്ടിങ്ങും സംഘടനാ ചട്ടപ്രകാരമല്ലെന്നും പരാതിയിൽ പറയുന്നു.
ജില്ലാ തലത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയന്ത്രണമില്ല. 7500 രൂപ അടച്ച് ആർക്കും മത്സരിക്കാം. 50 രൂപ അംഗത്വമെടുക്കുന്ന ആർക്കും ഓൺലൈനായി വോട്ടു ചെയ്യാം. അംഗങ്ങളുടെ എണ്ണം ഇതിനകം അഞ്ച് ലക്ഷം കവിഞ്ഞു. അംഗത്വത്തിനായി പണമടയ്ക്കുന്നത് നഷ്ടപ്പെടുന്നതായും പരാതിയുണ്ട്. വോട്ടു ചേർക്കുന്നതില്‍ ക്രമക്കേട് നടക്കുന്നുവെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആരോപണം ഉയരുന്നുണ്ട്.