‘ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്’; രമേശ് ചെന്നിത്തല

by 24newsnet desk

പത്തനംതിട്ട: ആര് മുഖ്യമന്ത്രിയാകണം എന്നത് സംബന്ധിച്ച് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്ക് ഉണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താൻ ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും ജനങ്ങൾക്ക് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ നാല് വർഷമായി തനിക്ക് ഒരു സ്ഥാനവുമില്ല. രമേശ് ചെന്നിത്തലയ്ക്ക് ഒരു സ്ഥാനവും വേണമെന്നില്ല. നാളെയും ഇതുപോലെ തന്നെ തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകാൻ യോഗ്യതയുള്ള നേതാവാണ് രമേശ് ചെന്നിത്തലയെന്ന് റിപ്പോർട്ടറിൻ്റെ മോർണിംഗ് ഷോയായ കോഫി വിത്ത് സുജയയിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.കെപിസിസി പ്രസിഡൻ്റിനെ സംബന്ധിച്ച് ഹൈക്കമാൻഡ് അഭിപ്രായം ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. എൻഎസ്എസ്സിന്റെ പരിപാടിയിലേക്ക് ആരെ വിളിക്കണം എന്നുള്ളത് എൻഎസ്എസ് നേതൃത്വമാണ് തീരുമാനിക്കുന്നത്. പരിപാടിയിലേക്ക് വിളിച്ചു, അഭിമാനപൂർവ്വം ആ പരിപാടിയിൽ പങ്കെടുക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.ഹൈന്ദവ ക്രൈസ്തവ മുസ്ലിം സംഘടനകളുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു. കെപിസിസി പ്രസിഡണ്ട് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും എല്ലാ മത സംഘടനകളും ആയി നല്ല ബന്ധമായിരുന്നു. ആ സമീപനം തന്നെ ഇനിയും തുടരും. പുതുവത്സരാഘോഷം പത്തനംതിട്ട തിരുവല്ലയിൽ പട്ടികജാതി വിഭാഗക്കാർക്ക് ഒപ്പം ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഒരു പൊതുപ്രവർത്തകൻ കേരളത്തിൽ പ്രവർത്തിക്കുമ്പോൾ എല്ലാവരുമായും നല്ല ബന്ധം ഉണ്ടാകണം. മാധ്യമപ്രവർത്തകർ മൈക്ക് വെക്കുന്നത് കൊണ്ടാണ് സാമുദായിക നേതാക്കൾ അഭിപ്രായങ്ങൾ പറയുന്നതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ചു.ഏറ്റവും അനിവാര്യം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുക എന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിൽ ഏറ്റുക എന്നതും പ്രധാനമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

വന വിസ്തൃതി വർധിപ്പിക്കുക എന്നതല്ല സർക്കാർ ലക്ഷ്യമിടേണ്ടതെന്നും വന്യമൃഗ ശല്യത്തിന് സർക്കാർ പരിഹാരം കാണുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വനപാലകർക്ക് കൂടുതൽ അധികാരം കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിയമസഭയിൽ ഈ വിഷയത്തെ യുഡിഎഫ് എതിർക്കും. ശബരിമല മാസ്റ്റർ പ്ലാനിന് സർക്കാർ കൂടുതൽ പണം നൽകണം. കൂടുതൽ പണം അനുവദിച്ചാൽ മാസ്റ്റർ പ്ലാൻ വേഗത്തിൽ തീർക്കാൻ സാധിക്കും. മാസ്റ്റർ പ്ലാൻ സംബന്ധിച്ച് സർക്കാർ ഗൗരവമായ സമീപനം എടുക്കണം. ശബരിമലയിലെ സുഗമമായ തീർത്ഥാടനത്തിന് പോലീസിനെയും ദേവസ്വം ബോർഡിനെയും താൻ അഭിനന്ദിക്കുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഭാവി കണക്കിലെടുത്ത് ശബരിമലയിൽ വികസനം ആവശ്യമാണെന്നും മുൻ പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. ശബരിമല സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com