ഉന്നതകുലജാതരെന്നുള്ള പ്രയോഗം തന്നെ ജനാധിപത്യവിരുദ്ധമായിട്ടുള്ള ഒന്നാണ്. ഇന്ത്യന്‍ ഭരണഘടന ഇന്ത്യയിലെ പൗരര്‍ക്ക് ഉറപ്പുനല്‍കുന്ന പ്രധാനപ്പെട്ട സംഗതി പൗരര്‍ തുല്യരാണെന്ന സങ്കല്പമാണ്. പൗരന്മാര്‍ തുല്യരാണെന്ന് ഉറപ്പുവരുത്തുന്നു. അവര്‍ തമ്മില്‍ ഏറ്റിറക്കക്രമങ്ങളോ,ശ്രേണീകൃതത്വമോ ഇല്ല. ശ്രേണീകൃത അസമത്വം ഇന്ത്യയുടെ പൊതുസ്വഭാവമാണ്. ശ്രേണീകൃത അസമത്വത്തെ സമ്പൂര്‍ണമായി ഉന്മൂലനം ചെയ്തുകൊണ്ടാണ് ഡോ.ബി.ആര്‍.അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ അസംബ്ലി തുല്യപൗരത്വം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ചത്. അതിന്റെ ഏറ്റവും വലിയ പ്രത്യേകത ആത്മാഭിമാനമുള്ള പൗരത്വസങ്ക്‌ലപമാണ്. ഇന്ത്യയിലെ ശ്രേണീകൃത അസമത്വം മനുഷ്യര്‍ക്കിടയില്‍ തുല്യത എന്ന സങ്ക്‌ലപം അനുവദിക്കുന്നില്ല. മനുഷ്യര്‍ വേര്‍തിരിക്കപ്പെട്ട ശരീരങ്ങളാണെന്ന സങ്കല്പമാണ് ബ്രാഹ്‌മണ്യത്തിന്റെ ശ്രേണീകൃത അസമത്വം പറയുന്നത്.കേന്ദ്രമന്ത്രിയായ സുരേഷ്‌ഗോപി ഉന്നതകുലജാതര്‍ ആദിവാസിവകുപ്പ് ഭരിക്കണമെന്ന് പറയുമ്പോള്‍ അത് ജനാധിപത്യ വിരുദ്ധമാണ്, അത് ആഴത്തില്‍ പരിശോധിക്കേണ്ടതുമാണ്. ജാതിവംശീയതയാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന വംശീയത എന്നുപറയുന്നത് മതാത്മക വംശീയതയാണ്. ഒരു പ്രത്യേക ജാതിയില്‍, പ്രത്യേകരീതിയില്‍ ജനിക്കുന്നവരെല്ലാം ഉന്നതകുലത്തില്‍ പെട്ടവരും ബാക്കിയുള്ളവരെല്ലാം നികൃഷ്ടരാണെന്നുമാണ് അത്. അതായത് ഉന്നതകുലജാതര്‍ക്കൊപ്പം നികൃഷ്ടര്‍ എന്ന സങ്കല്പവും നിലനില്‍ക്കുന്നുണ്ട്്. ആ ചരിത്ര യാഥാര്‍ഥ്യം നിലനില്‍ക്കുന്നതുകൊണ്ടാണ് ഇന്ത്യയിലെ ചില പ്രത്യേക ആളുകള്‍ മാത്രം മാന്‍ഹോളുകളില്‍ കുടുങ്ങി മരിച്ചുപോകുന്നത്. ഇന്ത്യയിലെ ഐഐടികളിലെ അധ്യാപക തസ്തികകളില്‍ 96 ശതമാനം സവര്‍ണരാണ്. ഇന്ത്യന്‍ സര്‍വകലാശാലകളിലെ 96 ശതമാനം അധ്യാപകരും സവര്‍ണവിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ് അങ്കുര്‍ പരിവാളിന്റെ പഠനം പറയുന്നത്. പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞത് 90 സെക്രട്ടറി തസ്തികയില്‍ 3 പേര്‍ മാത്രമാണ് ഒബിസിഎന്നാണ്. കേരളത്തിലെ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കോളേജുകളില്‍ അധ്യാപക തസ്തികയില്‍ 97 ശതമാനവും സവര്‍ണരാണ്. സവര്‍ണ ഒളിഗാര്‍ക്കിക്കല്‍ ഭരണമാണ് ഇന്ത്യയിലേത്. ആ യാഥാര്‍ഥ്യമിരിക്കെയാണ് ഉന്നതകുലജാതരായവര്‍ ട്രൈബല്‍ വകുപ്പ് ഭരിക്കണമെന്ന് പറയുന്നത്. അത് ജനാധിപത്യ വിരുദ്ധമായ ആശയമാണ്. ബ്രാഹ്‌മണ്യ ദേശീയത ഉറപ്പിക്കാനുളള ശ്രമമാണ്.സുരേഷ് ഗോപി പറഞ്ഞതില്‍ അത്ഭുതപ്പെടാനില്ല. അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനായി ജനിക്കണമെന്ന് ആഗ്രഹം പ്രകടപ്പിച്ച വ്യക്തിയാണ് അദ്ദേഹം. എന്നാല്‍ ചാതുര്‍വര്‍ണ്യ ശ്രേണീകൃതത്വമനുസരിച്ച് സുരേഷ് ഗോപി എങ്ങനെയാണ് ഉന്നതകുലത്തില്‍ വരുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ ശൂദ്ര തസ്തികയിലാണ് അദ്ദേഹം വരുന്നത്. ഇന്ത്യന്‍ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നുപറയുന്ന മൂന്ന് ആശയങ്ങള്‍ക്ക് എതിരായ പ്രസ്താവനയാണ് അത്. ഉന്നതവംശത്തില്‍ ജനിച്ചു എന്ന് അവകാശപ്പെടുന്നതും അത്തരം വാദങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാഹോദര്യ ജനാധിപത്യത്തിന് എതിരായ പ്രസ്താവന ആയിട്ടുവേണം അതിനെ കാണേണ്ടത്. ഇത്തരം നികൃഷ്ടമായ പ്രസ്താവനകള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണം.ഭരണഘടന തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് നാം കടന്നുപോകുന്നു. യഥാര്‍ഥത്തില്‍ പ്രാതിനിധ്യ ജനാധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോ.ബി.ആര്‍.അംബേദ്കറിന്റെ നേതൃത്വത്തില്‍ നടന്നുവന്ന ഭരണഘടനാഅസംബ്ലി മുന്നോട്ടുവച്ചത്. പക്ഷെ മുന്നോക്ക സംവരണം എന്ന ആശയം കൊണ്ടുവന്നതോടെ അത് സമ്പൂര്‍ണമായി തകര്‍ക്കപ്പെട്ടു. ബഹുജനങ്ങളെ, പിന്നോക്കരെ, ദളിതരെ, ആദിവാസികളെ പുറന്തള്ളുന്ന സവിശേഷ വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. 2021 ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ വ്യത്യസ്ത പൊതുമേഖലാ സ്ഥാപനങ്ങളിലെ പട്ടികവര്‍ഗ പട്ടികജാതി വിഭാഗങ്ങളുടെ പ്രാതിനിധ്യം വട്ടപൂജ്യമാണെന്നാണ് സൂചിപ്പിക്കുന്നത്. ഈ കണക്കുകള്‍ സ്ഥിരീകരിക്കുന്നത് ഭരണാഘടന വിഭാവനനം ചെയ്ത സങ്ക്‌ലപനങ്ങളെ തകര്‍ത്തുകൊണ്ടാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
നമ്മുടെ സാമൂഹികവും സാംസ്‌കാരികവുമായ വ്യവസ്ഥ അങ്ങനെയാണ്. അത് ഭരണഘടനയെ ആദരിക്കുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടന സമയത്ത് ദ്രൗപതി മുര്‍മു അകറ്റി നിര്‍ത്തപ്പെട്ടത്? അയിത്തം ഇന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്തിനാണ് ഒരു ചെങ്കോല്‍ സ്ഥാപിക്കപ്പെട്ടത് അത് ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരല്ലേ? ഭരണഘടനാപദവിയില്‍ ഇരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിതന്നെ ക്ഷേത്ര ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്നു നേതൃത്വം വഹിക്കുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രസ്താവനകള്‍ ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ നടത്തുന്നു. ഇങ്ങനെ ദളിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലീങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ അതിക്രമമാണ് ഇത്. ഇന്ത്യയിലെ പൗരന്മാര്‍ക്കെതിരായ അതിക്രമം എന്നുപറയുന്നത് ഭരണഘടനയുടെ അടിസ്ഥാന ശിലകള്‍ തകര്‍ക്കാനുള്ള ശ്രമമായാണ് കാണേണ്ടത്. 75 വര്‍ഷം എത്തിനില്‍ക്കുമമ്പോള്‍ ഭരണഘടന അട്ടിമറിക്കപ്പെടുന്നു. അത് മുന്നോട്ടുവയ്ക്കുന്ന സമത്വവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുന്നു. സാഹോദര്യമൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നു. മുസ്ലീം ദേവലയങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ നോക്കൂ. ഭരണഘടനാപരമായ നിയമങ്ങള്‍ക്കനുസരിച്ചല്ല അവിടെ അന്വേഷണങ്ങള്‍ നടക്കുന്നത്.ജഡ്ജിമാര്‍ തന്നെ അവരുടെ ഭരണഘടനാപദവിയെ ആദരിക്കാതെ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നു. വര്‍ണാശ്രമധര്‍മത്തിന്റെ കാലിക പ്രസക്തിയെ കുറിച്ച് ഒരു ഹൈക്കോടതി ജഡ്ജി പ്രസംഗിച്ചത് കേരളത്തിലാണ്. ഒരു ചാനല്‍ ബാന്‍ ചെയ്തതുപരിശോധിക്കവേ ഉയര്‍ത്തിപ്പിടിച്ചത് ഭരണഘടനയുടെ മൂല്യമല്ല മനുസ്മൃതിയാണ് ഉദ്ധരിച്ചത്. സുപ്രീംകോടതിയുടെ വ്യത്യസ്ത വിധികള്‍ പരിശോധിച്ചാല്‍ ഭരണഘടനയ്ക്കുപരി മനുസ്മൃതിയെയും ആചാരഗ്രന്ഥങ്ങളെയും സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയിരിക്കുന്നത്. ഭരണഘടനാനുസൃതമായ ജഡ്ജ്‌മെന്‌റല്ല മറിച്ച് തിയോക്രാറ്റിക് ജഡ്ജ്‌മെന്റാണ് ഉണ്ടാകുന്നത്. ആചാരപരതയെ വീണ്ടെടുക്കുന്ന രീതിയില്‍ ഉറപ്പിക്കുന്ന രീതിയില്‍ യാഥാസ്ഥിതികത്തെ സ്ഥാപിക്കുന്ന പ്രമാണ വചനങ്ങള്‍ കോടതിയില്‍ നിന്ന് വരുന്നു. ഇത് ഭരണഘടന തകര്‍ക്കപ്പെടുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ്. നീതി തേടി അലഹാബാദ് കോടതിയില്‍ ചെന്ന യുവതിയോട് കോടതി പറഞ്ഞത് അവരുടെ ജാതകം പരിശോധിക്കാന്‍ വേണ്ടി അലഹാബാദ് സര്‍വകലാശാലയ്ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്തത്. മുസ്ലീങ്ങള്‍ അധിവസിക്കുന്ന പ്രദേശത്തെ കുട്ടിപാകിസ്താന്‍ എന്നു വിശേഷിപ്പിച്ചത് കര്‍ണാടകയിലാണ്. ഭരണഘടനയെ അട്ടിമറിക്കുന്ന പലതരത്തിലുള്ള കാര്യങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടേയിരിക്കുകയാണ്. അങ്ങനെയുള്ള ഒരു രാജ്യത്ത് പാര്‍ലമെന്റേറിയന്‍ ഇങ്ങനെയൊരു അവകാശവാദമുന്നയിക്കുമ്പോള്‍ രാജ്യം വലിയ പ്രതിസന്ധിയെ ആണ് അഭിമുഖീകരിക്കുന്നത് എന്നാണ് അര്‍ഥം.