‘വസ്തുതകള്‍ മനസിലാക്കിയാണ് ശശി തരൂർ പറഞ്ഞത്’; ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ഇ പി ജയരാജന്‍

by 24newsnet desk

കണ്ണൂര്‍: ശശി തരൂര്‍ എംപിയെ പിന്തുണച്ച് സിപിഐഎം നേതാവ് ഇ പി ജയരാജന്‍. ശശി തരൂര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അദ്ദേഹം ചോദിച്ചു. വസ്തുതകള്‍ മനസ്സിലാക്കിയാണ് ശശി തരൂര്‍ പറഞ്ഞതെന്ന് ജയരാജന്‍ പറഞ്ഞു. വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കേന്ദ്രം നല്‍കിയ വായ്പയെയും ഇ പി ജയരാജന്‍ വിമര്‍ശിച്ചു. കേന്ദ്രത്തിന്റേത് നീചമായ പ്രവൃത്തിയാണെന്നും മറ്റുള്ളവരെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുകയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യ സര്‍വകലാശാല വിഷയത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പ്രസ്താവനയെ അദ്ദേഹം തള്ളിക്കളഞ്ഞു. ടി പി ശ്രീനിവാസന് നേരെയുണ്ടായ അക്രമത്തില്‍ ആരെയും അക്രമിക്കാന്‍ പാടില്ലെന്നതാണ് തങ്ങളുടെ നിലപാടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ആര്‍ഷോ പറഞ്ഞതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും ജയരാജന്‍ പറഞ്ഞു.അതേസമയം ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോണ്‍ഗ്രസില്‍ നിന്നും തന്നെ ഉയരുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ തരൂരിൻ്റെ ലേഖനത്തിലെ ഉള്ളടക്കത്തെ തള്ളിപ്പറഞ്ഞിരുന്നു.യുഡിഎഫ് കൺവീനർ എം എം ഹസൻ രൂക്ഷവിമർശനമാണ് നടത്തിയത്. കടല്‍ മണല്‍ ഖനനത്തെ കുറിച്ചും വന്യമൃഗ ശല്യത്തെ കുറിച്ചും ലഹരി മാഫിയയെ കുറിച്ചും ഒരക്ഷരം മിണ്ടാത്തയാളാണ് ശശി തരൂരെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. യുഡിഎഫ് ഇത്രയും കാലം പറഞ്ഞതിനെ ശശി തരൂര്‍ തള്ളി പറഞ്ഞുവെന്നും വ്യക്തിപരമായ കാര്യങ്ങള്‍ പറയണമെങ്കില്‍ തരൂര്‍ വര്‍ക്കിംഗ് കമ്മറ്റിയില്‍ നിന്നും ഒഴിയണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com