രാജ്യത്തിന് തന്നെ അഭിമാനമായി യു എൻ വേദിയിൽ അവാർഡ് നേടി നമ്മുടെ സ്വന്തം തിരുവനന്തപുരം. സുസ്ഥിര വികസനത്തിനുള്ള യുഎൻ-ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയിരിക്കുകയാണ് തലസ്ഥാന നഗരമായ തിരുവനന്തപുരം. ഇന്ത്യയിൽ നിന്ന് തന്നെ ആദ്യമായാണ് ഒരു നഗരം ഈ അവാർഡിന് അർഹമാകുന്നത്. യുഎൻ ഹാബിറ്റാറ്റും ഷാങ്ഹായ് മുനിസിപ്പാലിറ്റിയും ചേർന്നാണ് ഈ അംഗീകാരം നൽകിയത്. സുസ്ഥിരത, ഭരണം, നവീകരണം എന്നിവയിലെ മികച്ച നേട്ടങ്ങൾക്കാണ് ഈ അവാർഡ്. അഗാദിർ, മെൽബൺ, ദോഹ, ഇസ്തപാലപ എന്നിവയാണ് തിരുവന്തപുരത്തിനൊപ്പം അംഗീകരിക്കപ്പെട്ട മറ്റ് അഞ്ച് നഗരങ്ങൾ.
എന്താണ് ഷാങ്ഹായ് ഗ്ലോബൽ അവാർഡ് ?
യുഎൻ-ഹാബിറ്റാറ്റിൻ്റെയും ഷാങ്ഹായ് മുനിസിപ്പാലിറ്റിയുടെയും നേതൃത്വത്തിലുള്ള ഒരു ഗ്ലോബൽ സംരംഭമാണ് നഗരങ്ങളിലെ സുസ്ഥിര വികസനത്തിനുള്ള ഷാങ്ഹായ് ഗ്ലോബൽ അവാർഡ്. ഇത് പ്രത്യേകമായും നഗരങ്ങളെ ലക്ഷ്യമാക്കിയുള്ളതാണ്. ലോകമെമ്പാടുമുള്ള നഗരങ്ങളുടെയും മുനിസിപ്പാലിറ്റികളുടെയും മികച്ച പുരോഗതിയും നേട്ടങ്ങളും അംഗീകരിക്കുന്നതിനാണ് ഈ അവാർഡ് സംഘടിപ്പിച്ചിട്ടുള്ളത്. ലോകത്തെ പലയിടങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര അന്താരാഷ്ട്ര ജൂറിയാണ് അപേക്ഷകൾ വിലയിരുത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നത്. ലോകമെമ്പാടുമുള്ള നഗരങ്ങൾക്കും മുനിസിപ്പാലിറ്റികൾക്കും ഇതിൽ അപേക്ഷിക്കാവുന്നതാണ്. നഗരങ്ങൾക്ക് അവരുടെ അനുഭവങ്ങൾ കൈമാറാനും പരസ്പരം പഠിക്കാനും നഗരങ്ങളെ അവരുടെ വികസന ലക്ഷ്യങ്ങൾ മികച്ച രീതിയിൽ കൈവരിക്കാൻ സഹായിക്കാനും ഈ അവാർഡ് പിന്തുണ നല്‍കുന്നു.എന്തുകൊണ്ട് തിരുവനന്തപുരം ?
നമ്മുടെ തലസ്ഥാന നഗരത്തിനെ ഈ വലിയ നേട്ടത്തിലേക്ക് എത്തിച്ചതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്, എന്താവും ഇന്ത്യയിലെ ഒരു നഗരങ്ങൾക്കുമില്ലാത്ത എന്നാൽ തിരുവനന്തപുരത്തിന് മാത്രമുളള ആ പ്രത്രേകതകൾ ?
ഗുണമേന്മയുള്ള ഭവനനിർമ്മാണം, യുവാക്കളെ ശാക്തീകരിക്കൽ, നൂതന വികസനം പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ പ്രതിരോധം പ്രോത്സാഹിപ്പിക്കുക, എസ്ഡിസികൾ നടപ്പിലാക്കുന്നതിൽ ആഗോളതലത്തിൽ നഗരങ്ങളുടെ നേട്ടങ്ങൾ എന്നിവയിൽ ശ്രദ്ധേയമായ പ്രക്രിയകൾ നടത്തിയെന്നത് ചൂണ്ടികാട്ടിയാണ് തിരുവനന്തപുരം ഈ അവാർഡിന് അർഹമായിരിക്കുന്നത്.മേൽ പറയുന്ന കാരണങ്ങൾ മാത്രമല്ല നമ്മുടെ തിരുവനന്തപുരത്തെ വ്യത്യസ്ഥമാക്കുന്നത്. ഈ അടുത്ത് പുനർനിർമ്മാണം നടത്തിയ മാനവീയം വീഥി കൾച്ചറൽ സ്ട്രീറ്റ്, ഇലക്ട്രിക് ബസുകൾ, ഇൻ്റഗ്രേറ്റഡ് കമാൻഡ് & കൺട്രോൾ സെൻ്റർ, സ്മാർട്ട് റോഡുകൾ, നഗര അടിസ്ഥാന സേവനങ്ങളും പ്രതിരോധ പദ്ധതികൾ, തുടങ്ങിയവയെല്ലാം അവാർഡിന് പിന്നിലെ കാരണങ്ങളായി.