ന്യൂഡൽഹി: അസമിൽ ബീഫിന് പൂർണ നിരോധനമേർപ്പെടുത്തി സർക്കാർ. റസ്റ്ററൻ്റുകൾ, ഹോട്ടലുകൾ, പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ബീഫ് വിളമ്പുന്നതും കഴിക്കുന്നതും പൂർണമായി നിരോധിക്കുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. നേരത്തെ ക്ഷേത്ര പരിസരങ്ങളിൽ മാത്രമായിരുന്നു നിരോധനം.അസമിൽ ഒരു റസ്റ്ററൻ്റിലും ഹോട്ടലിലും ബീഫ് വിളമ്പില്ലെന്നും പൊതു ചടങ്ങുകളിലും പൊതുസ്ഥലങ്ങളിലും ഇത് അനുവദിക്കില്ലെന്നും ഞങ്ങൾ തീരുമാനിച്ചു. നേരത്തെ, ക്ഷേത്രങ്ങൾക്ക് സമീപം ബീഫ് വിളമ്പുന്നത് നിർത്തലാക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം, എന്നാൽ ഇപ്പോൾ അത് സംസ്ഥാനം മുഴുവൻ വ്യാപിപ്പിച്ചിരിക്കുകയാണ്. ഒരു കമ്മ്യൂണിറ്റിയിലോ പൊതു ഇടത്തിലോ ഹോട്ടലിലോ റസ്റ്ററൻ്റിലോ നിങ്ങൾക്ക് ഇത് കഴിക്കാൻ കഴിയില്ല”, ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
അസമിൽ ബീഫ് നിരോധനം നടപ്പാക്കുമെന്ന് ഹിമന്ത ബിശ്വ ശർമ നേരത്തെ സൂചന നൽകിയിരുന്നു. കോൺഗ്രസ് രേഖാമൂലം അഭ്യർത്ഥന നൽകിയാൽ അസമിൽ ബീഫ് നിരോധിക്കുന്നതിന് തയ്യാറാണെന്ന് ഹിമന്ത ഇക്കഴിഞ്ഞ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു.