ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ മുഹമ്മദ് ഷമിയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഓസീസ് മുൻ താരം റിക്കി പോണ്ടിങ്. ഷമിയുടെ അസാന്നിധ്യം ഇന്ത്യൻ നിരയിൽ വലിയൊരു വിടവാണ്. ഓഗസ്റ്റിൽ മുഹമ്മദ് ഷമിയുടെ
കായികക്ഷമതയിൽ സംശയമുണ്ടായിരുന്നു. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ 20 വിക്കറ്റുകൾ വീഴ്ത്തുക വലിയൊരു വെല്ലുവിളിയാണ്. പരമ്പരയിൽ ഇന്ത്യൻ ബാറ്റർമാർക്ക് നന്നായി കളിക്കാൻ കഴിയും. ഐസിസി റിവ്യൂ ഷോയിൽ റിക്കി പോണ്ടിങ് പറഞ്ഞു.
ബോർഡർ-ഗാവസ്കർ ട്രോഫിയിലെ വിജയികളെയും പോണ്ടിങ് പ്രവചിച്ചു. പരമ്പരയിലെ ഒരു മത്സരം ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കും. സ്വന്തം നാട്ടിൽ ഒരു പരമ്പര വിജയിക്കാൻ അനുഭവസമ്പത്തുള്ള നിരയായി ഓസ്ട്രേലിയ മാറിക്കഴിഞ്ഞു. അതുകൊണ്ട് ബോർഡർ-ഗാവസ്കർ ട്രോഫി ഓസ്ട്രേലിയ 3-1ന് വിജയിക്കും. പോണ്ടിങ് നിരീക്ഷണം പങ്കുവെച്ചു.
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനും ഓസ്ട്രേലിയക്കെതിരായ പരമ്പര ഇന്ത്യയ്ക്ക് നിർണായകമാണ്. പരമ്പര 4-0ത്തിന് എങ്കിലും വിജയിച്ചാൽ മാത്രമെ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ മത്സരഫലത്തിന്‍റെ സഹായമില്ലാതെ ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ എത്താൻ സാധിക്കൂ. അപ്പോൾ ഇന്ത്യയുടെ വിജയശതമാനം 65.79 ആയി ഉയരും. അങ്ങനെയെങ്കിൽ നിലവിലെ ചാംപ്യന്മാരായ ഓസ്ട്രേലിയ പുറത്തായേക്കും. ശ്രീലങ്ക, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക ടീമുകൾ രണ്ടാം സ്ഥാനത്തിനായി മത്സരിക്കും.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‍ലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ , രവിചന്ദ്രൻ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടൺ സുന്ദര്‍.