ഓട പണിയാൻ പോലും പണമില്ലാത്തവർ വികസന ചർച്ചയ്ക്ക് ക്ഷണിക്കുന്നു’; സർക്കാരിനെ പരിഹസിച്ച് വി ഡി സതീശൻ

കോട്ടയം: ഒരു ഓട പണിയാൻ പോലും പണമില്ലാത്ത സർക്കാരാണ് പ്രതിപക്ഷത്തെ വികസനം ചർച്ച ചെയ്യാൻ വിളിക്കുന്നതെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മാനദണ്ഡങ്ങൾ ലംഘിച്ച് പലിശയില്ലാതെ കെ ഫോണുമായി ബന്ധപ്പെട്ട കമ്പനികൾക്ക് പണം കൊടുത്തു. മൊബിലൈസേഷൻ അഡ്വാൻസിലൂടെ കെ ഫോണിൽ അഴിമതി നടത്തി. ഓരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും ഇടപെട്ടിട്ടാണ് ഈ അഴിമതി നടന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

ധൂർത്തും അഴിമതിയുമാണ് സർക്കാരിന്റെ മുഖമുദ്ര. ശാന്തൻപാറയിൽ ഭൂപതിവ് ചട്ടങ്ങൾ ലംഘിച്ച് സിപിഐഎം ഓഫീസ് കെട്ടിടം പണിയുന്നു. കെട്ടിടം പണിക്ക് റവന്യു വകുപ്പിന്റെ എൻഒസി കിട്ടിയിട്ടില്ല. വില്ലേജ് ഓഫീസർ സ്റ്റോപ് മെമ്മോ കൊടുത്തിട്ടും കെട്ടിടം പണി നിർത്തിയിട്ടില്ല. കെട്ടിടം ഇടിച്ചുനിരത്തണമെന്ന് പ്രതിപക്ഷം റവന്യൂ വകുപ്പിനോട് ആവശ്യപ്പെടുകയാണ്. നിയമപരമായി നടപടികൾ സ്വീകരിക്കും.

സ്വന്തം കഴിവുകേട് മറച്ചുവെക്കാനാണ് സർക്കാർ എംപിമാരെ കുറ്റപ്പെടുത്തുന്നത്. ദില്ലിയിൽ എത്തുന്ന ധനമന്ത്രി കേന്ദ്രമന്ത്രിമാരെ കാണാൻ പോകുന്നത് എംപിമാരോട് പറയാറില്ല. ഒന്നും പറയാതെ കാറിൽ ഒപ്പം കയറി പോകാൻ അത്ര ഗതികെട്ടവരല്ല യുഡിഎഫ് എംപിമാർ. കേന്ദ്രത്തിൽ നിവേദനവുമായി പോകുന്ന സമയത്ത് യുഡിഎഫ് എംപിമാരുടെ ഭാ​ഗത്ത് നിന്നും വേണ്ടത്ര സഹകരണം ഉണ്ടാകുന്നില്ലെന്നുളള കെ എൻ ബാല​ഗോപാലിന്റെ വിമർശനത്തിനായിരുന്നു വി ഡി സതീശൻ്റെ മറുപടി.

സിപിഐഎം-ബിജെപി ഒത്തുതീർപ്പിന് ഉദാഹരണമാണ് എസ്എൻസി ലാവലിൻ കേസ്. പരസ്പരം പുറം ചൊറിഞ്ഞ് സഹായിക്കുന്നവരാണ് ഇരു പാർട്ടികളും. ലൈഫ് മിഷനിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലായി. അഴിമതി കേസിൽ പക്ഷേ മുഖ്യമന്ത്രിക്കെതിരെ കേസ് പോലുമില്ല. സിപിഐഎം ബിജെപി ഒത്തുതീർപ്പാണ് ഇവിടെ നടക്കുന്നത്.

Previous articleപൊതുജനാഭിപ്രായം
Next articleഎം.ടി.എഫ്.ഇ പൂട്ടി;മലയാളികൾക്ക് കോടികൾ നഷ്ടം