‘വിമർശനത്തിന് അതീതനല്ല’; വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ പരോക്ഷ മറുപടിയുമായി വി ഡി സതീശൻ

by 24newsnet desk

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനങ്ങളോട് പരോക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. താന്‍ വിമര്‍ശനത്തിന് അതീതനല്ലെന്നും എല്ലാ സമുദായ നേതാക്കള്‍ക്കും വിമര്‍ശിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. തെറ്റ് തിരുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കും. സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വിമര്‍ശനം കേട്ടാല്‍ അസ്വസ്ഥരാകരുതെന്നും സതീശന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശന്‍.നമ്മളാരും നൂറ് ശതമാനം പൂര്‍ണതയുള്ള ആളുകള്‍ അല്ല. സ്വയം നവീകരിക്കപ്പെടണം. വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. എല്ലാ ജാതി, മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നു. എന്‍ എസ് എസ് നിലപാടിനെ 2021 ലും 22ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ല. സംഘപരിവാറിനെതിരെ നിലപാടെടുത്തതിന് നേരത്തെയും എന്‍ എസ് എസിനെ പ്രശംസിച്ചിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരായ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പരാമര്‍ശത്തിനെതിരെയും വി ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. സിപിഐഎം കഴിഞ്ഞ കുറച്ചു നാളുകളായി സംഘപരിവാറിനെ സന്തോഷിപ്പിക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും എ വിജയരാഘവന്റെ പരാമര്‍ശം അതിന്റെ തെളിവാണെന്നും സതീശന്‍ പറഞ്ഞു. തീവ്രവാദികളുടെ വോട്ടുകള്‍ നേടിയാണ് പ്രിയങ്ക ഗാന്ധി വിജയിച്ചതെന്ന പരാമര്‍ശം വിജയരാഘവന്റെ വായില്‍ നിന്നല്ലാതെ വരുമോ എന്ന് സതീശന്‍ ചോദിച്ചു.

സോഷ്യല്‍ മീഡിയയില്‍ വിജയരാഘവന്‍ യുഡിഎഫിന്റെ ഐശ്വര്യം എന്ന ഒരു ട്രോള്‍ കണ്ടു. സത്യത്തില്‍ അതാണ് കാണാന്‍ സാധിക്കുന്നത്. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തവരില്‍ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. പ്രിയങ്കയെ തീവ്രവാദികളാണ് വിജയിപ്പിച്ചത് എന്ന് പറഞ്ഞ് ഡല്‍ഗഹിയില്‍ സംഘപരിവാറിനെ സന്തോഷിപ്പിക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. എന്തും പറയാന്‍ വേണ്ടി വിജയരാഘവനെ പോലെയുള്ള ആളുകളെ സിപിഐഎമ്മും പിണറായി വിജയനും ഉപയോഗിക്കുകയാണ്. സംഘപരിവാറിനെ പോലും നാണംകെടുത്തുന്ന രീതിയിലാണ് സിപിഐഎം വര്‍ഗീയ പ്രചാരണം നടത്തുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com