കര്‍ഷകരെ വഞ്ചിച്ച സർക്കാരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഓണത്തിന് പോലും, സർക്കാർ സംഭരിച്ച നെല്ലിൻ്റെ വില നൽകാതെ കര്‍ഷകരെ വഞ്ചിച്ച സർക്കാരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ. നെല്‍ക്കര്‍ഷകർക്ക് ഇത്തവണ വറുതിയുടെ ഓണമാണ്. പിണറായി സർക്കാർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത്. നെല്ല് സംഭരിച്ച് വിറ്റശേഷം തുക ഖജനാവിലെത്തിയിട്ടും നൽകാത്തത് എന്തുകൊണ്ടെന്ന് ജനങ്ങൾക്ക് ബോധ്യമായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിക്ക് കർഷകരുടെ തലയ്ക്ക് മുകളിലൂടെ തലങ്ങും വിലങ്ങും പറക്കാൻ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ. ഇത്രയ്ക്ക് അടിയന്തരമായി ഹെലികോപ്റ്ററിൻ്റെ എന്ത് ആവശ്യമാണുള്ളത്? മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോകാനാണെങ്കിൽ കണ്ണൂരിലേക്ക് എന്നും വിമാന സർവീസ് ഉണ്ട്. അടിയന്തര ഘട്ടങ്ങളിൽ വ്യോമസേനാവിമാനവും ലഭ്യമാണ്. എന്നിട്ടും ഹെലികോപ്റ്റർ ധൂർത്ത് നടത്തുന്നതിന് പിന്നിൽ ആരുടെ താത്പര്യമാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

സംഭരിച്ച നെല്ലിന്റെ വില ബാങ്ക് അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞ് കര്‍ഷകരെ അടിമുടി പറ്റിച്ചു. പതിനായിരക്കണക്കിന് നെല്‍ക്കര്‍ഷകര്‍ക്ക് ഇനിയും നെല്ലുവില കിട്ടാനുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടത്തി നെല്ലിന്റെ വില നല്‍കാമായിരുന്നു. ഇക്കാര്യത്തിൽ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. സിവില്‍ സപ്ലൈസ് കോര്‍പറേഷനിലൂടെ എട്ടുമാസം മുന്‍പ് സംഭരിച്ച നെല്ലിന്റെ തുക നൽകാത്ത സർക്കാരിനെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം വിമർശിച്ചു.

സാമ്പത്തിക പ്രതിസന്ധികൊണ്ട് ശ്വാസം മുട്ടുന്ന കര്‍ഷകരെ ആത്മഹത്യയിലേക്ക് എത്തിക്കാതെ അടിയന്തരമായി പ്രശ്നത്തിനു പരിഹാരം കാണണം. അല്ലാതെ തെറ്റ് ചൂണ്ടിക്കാട്ടിയ സിനിമാനടൻ ജയസൂര്യയ്ക്കെതിരെ മന്ത്രിമാരും സൈബർ സഖാക്കളും തിരിയുകയല്ല വേണ്ടതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Previous articleഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം; മാധ്യമങ്ങൾ രാഷ്ട്രത്തിന്‍റെ വളർച്ചക്ക് സഹായിക്കണം – മോഹൻ ഭാഗവത്
Next articleഇൻഡ്യ സഖ്യത്തിൽ ഭിന്നത; സീറ്റ് വിഭജനത്തിലും ജാതി സെൻസസിലും അഭിപ്രായ വ്യത്യാസം