തരൂർ പറഞ്ഞത് ലോകമറിയുന്ന സത്യം’; ഹമാസിന്റേത് ഭീകര പ്രവർത്തനമെന്ന പരാമർശത്തെ പിന്തുണച്ച് സുരേഷ് ഗോപി

കോഴിക്കോട്: ഹമാസിന്റേത് ഭീകര പ്രവർത്തനമെന്ന കോൺ​ഗ്രസ് എം പി ശശി തരൂരിന്റെ വിവാദ പരാമർശത്തെ പിന്തുണച്ച് ബിജെപി നേതാവ് സുരേഷ് ​ഗോപി. ശശി തരൂർ പറഞ്ഞത് ലോകമറിയുന്ന സത്യമാണ്. പഠിക്കാതെ ഒരു വിഷയത്തിൽ പ്രതികരിക്കുന്ന ആളല്ല ശശി തരൂർ. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാൽ അത് ആര് അവസാനിപ്പിക്കണമെന്നതാണ് ചോദ്യമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയിലായിരുന്നു ശശി തരൂരിന്റെ വിവാ​ദ പരാമർശം. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേർ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേൽ അതിന് നൽകിയ മറുപടി ഗാസയിൽ ബോംബിട്ടുകൊണ്ടാണ്. അതിൽ 6000 ൽ അധികം പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേൽ ഇപ്പോഴും ബോംബാക്രമണം നിർത്തിയിട്ടില്ലെന്നുമായിരുന്നു ശശി തരൂരിന്റെ വാക്കുകൾ. എന്നാൽ ഇത് വിവാദമായതോടെ താൻ എപ്പോഴും പലസ്തീനൊപ്പമെന്ന് വിശദീകരിച്ചും തരൂർ രം​ഗത്തെത്തിയിട്ടുണ്ട്. താൻ എന്നും പാലസ്തീൻ ജനതക്ക് ഒപ്പമാണെന്നും പ്രസംഗത്തിലെ വാചകം എടുത്ത് അനാവശ്യം പറയുന്നവരോട് ഒന്നും പറയാനില്ല എന്നുമാണ് തരൂർ പ്രതികരിച്ചത്.

ശശി തരൂരിന്റെ ഹമാസ് ഭീകരർ എന്ന പരാമർശത്തിൽ മുസ്ലിം ലീ​ഗിൽ നിന്ന് തന്നെ വിമർശനം ഉയർ‌ന്നിരിക്കുകയാണ്. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നാണ് മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ പ്രതികരിച്ചത്. ഹമാസിന്റേത് സ്വാതന്ത്ര്യ സമര പോരാട്ടമാണെന്നും മുനീർ‌ പറഞ്ഞു. മുസ്ലിം ലീഗിന്റെ ചെലവിൽ ശശി തരൂർ ഇസ്രയേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയെന്നാണ് സിപിഐഎം നേതാവ് എം സ്വരാജിന്റെ പ്രതികരണം. പലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായത് ഭീകരവാദികളുടെ അക്രമണവും ഇസ്രായേലിന്റേത് മറുപടിയുമാണെന്നാണ് തരൂർ പറയുന്നത്. വാക്കുകൾക്ക് അർഥമുണ്ടെന്നും ഒക്ടോബർ ഏഴിനല്ല ചരിത്രം ആരംഭിച്ചതെന്ന് അറിയാത്ത ആളല്ല തരൂർ എന്നും എം സ്വരാജ് വിമർശിച്ചു.

ഇസ്രയേലിനെതിരെ നടന്നത് ഭീകരാക്രമണമെന്ന ശശി തരൂരിന്റെ പരാമർശം അത്ഭുതപ്പെടുത്തി എന്നാണ് സമസ്തയുടെ യുവജന വിഭാ​ഗമായ എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ പ്രതികരിച്ചത്. ഐക്യരാഷ്ട്ര സഭയിൽ നിന്ന് വാങ്ങിയ ശമ്പളത്തിന് ശശി തരൂർ ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകി എന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

Previous articleഅയോധ്യ രാമക്ഷേത്രം ജനുവരിയില്‍ തുറക്കും,ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു: മോഹൻ ഭഗവത്
Next articleബിജെപി ശത്രുപക്ഷത്ത്’; പുതിയ പാര്‍ട്ടിയില്ല, എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് ജെഡിഎസ്