Home » ‘ബ്രാഹ്‌മണ സ്ത്രീ ആയതിനാൽ തമിഴിൽ നിന്നൊഴിവാക്കി’; വിവാദ പരാമർശം, നടി കസ്തൂരിക്കെതിരെ കേസെടുത്ത് പൊലീസ്

‘ബ്രാഹ്‌മണ സ്ത്രീ ആയതിനാൽ തമിഴിൽ നിന്നൊഴിവാക്കി’; വിവാദ പരാമർശം, നടി കസ്തൂരിക്കെതിരെ കേസെടുത്ത് പൊലീസ്

by 24newsnet desk

വിവാദ പരാമര്‍ശം നടത്തിയ നടിയും ബിജെപി നേതാവുമായ കസ്തുരി ശങ്കറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഗ്രേറ്റർ ചെന്നൈ പൊലീസ്. തമിഴ്‌നാട്ടിലെ തെലുങ്ക് സംസാരിക്കുന്ന വ്യക്തികൾക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളെ തുടർന്നാണ് പൊലീസ് നടപടി. ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഡോ സിഎംകെ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ തെലുങ്ക് ഫെഡറേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്.താൻ ബ്രാഹ്‌മണയായത് കൊണ്ട് തമിഴ് സിനിമകളിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും കസ്തൂരി ആരോപിച്ചിരുന്നു. ഹിന്ദു മക്കൾ കച്ചി (എച്ച്എംകെ) എന്ന വലതുപക്ഷ സംഘടനയുടെ സ്ഥാപകൻ അർജുൻ സമ്പത്ത് സംഘടിപ്പിച്ച റാലിയിലായിരുന്നു കസ്തൂരിയുടെ വിവാദ പരാമർശങ്ങൾ.

സെക്ഷൻ 192 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം ഉണ്ടാക്കുക), സെക്ഷൻ 196(1)(എ) (മതം, വംശം, ജന്മസ്ഥലം, താമസസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നത്), സെക്ഷൻ 353(1)(ബി) (ജനങ്ങൾക്ക് ഭയമോ ഭീതിയോ ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ), സെക്ഷൻ 353(2) (തെറ്റായ വിവരങ്ങൾ അടങ്ങിയ പ്രസ്താവനകൾ നടത്തുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കസ്തൂരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.അതേസമയം തന്റെ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും താൻ തമിഴ്നാട്ടിലെ മുഴുവൻ തെലുങ്ക് സംസാരിക്കുന്ന സമൂഹത്തെയും പരാമർശിച്ചിട്ടില്ലെന്നും ഡിഎംകെയിലെ ഒരു വിഭാഗത്തെ മാത്രമാണ് താൻ പരാമർശിച്ചതെന്നും കസ്തൂരി പറഞ്ഞു. പരാമർശത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നുവെന്നും തെലുങ്ക് സമൂഹത്തെക്കുറിച്ചുള്ള തന്റെ പരാമർശം പിൻവലിക്കുകയാണെന്നും കസ്തൂരി പറഞ്ഞു.

24newsnet is malayalam online newsportal and entertinement website.

 

About Us: we are the best online newsportal website based on kerala state in india.

contact us: email:24newsnetinfo@gmail.com