കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ആരാധനാലയവും മതചിഹ്നവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ചാണ് പരാതി. തിരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് പരാതിയില്‍ പറയുന്നു.കഴിഞ്ഞ ദിവസം പള്ളിക്കുന്ന് ദേവാലയത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളില്‍ ദൈവികരുടെയും സന്യസ്തരുടെയും വിശ്വാസികളുടെയും സാന്നിദ്ധ്യത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നാണ് പരാതി.കമ്പളക്കാട് നല്‍കിയ സ്വീകരണത്തിന് ശേഷം നായ്ക്കട്ടിയിലെ കോര്‍ണര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകവേയാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ലൂര്‍ദ് മാതാ പള്ളിയിലെത്തിയത്. പ്രിയങ്ക ഗാന്ധി എത്തിയപ്പോള്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുകയായിരുന്നു.
ഫാ. തോമസ് പനയ്ക്കല്‍, പള്ളി വികാരി ഫാ. അലോഷ്യസ് എന്നിവരുടെ നേതൃത്വത്തില്‍ പ്രിയങ്ക ഗാന്ധി സ്വീകരിച്ചു. തുടര്‍ന്ന് പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രാര്‍ത്ഥന നടന്നിരുന്നു. പള്ളിയിലൊരുക്കിയ ചായ സല്‍ക്കാരത്തിലും പ്രിയങ്ക പങ്കെടുത്തു. പള്ളിക്കുന്ന് പെരുന്നാളിന് പ്രിയങ്കയെ ഫാ. തോമസ് പനയ്ക്കല്‍ ക്ഷണിച്ചു. ടി സിദ്ധിഖ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.
‘ദേവാലയത്തിനകത്ത് വൈദികര്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുന്നതിന്റെ വിഡിയോയും ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചു. ആരാധനാലയത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. നിയമത്തിന്റെ ലംഘനമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നടത്തിയതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെ’ന്നും എല്‍ഡിഎഫ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു