തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തെ തിരുത്താനുള്ള സിപിഐഎമ്മിന്റെ പഠന ക്ലാസ് ഇന്ന് ആരംഭിക്കും. സംഘടനാ രീതിയെക്കുറിച്ചുള്ള അറിവില്ലായ്മയും നേതൃത്വത്തിന്റെ പരിചയക്കുറവുമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന വിലയിരുത്തലിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. വിളപ്പില്‍ ശാല ഇഎംഎസ് അക്കാദമിയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ പഠനക്ലാസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ക്ലാസെടുക്കും.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ കെ ബാലനാണ് പഠന ക്ലാസിനുള്ള പാര്‍ട്ടിച്ചുമതല. സംസ്ഥാന ക്യാമ്പിന് ശേഷം എസ്എഫ്‌ഐ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്കും ക്യാമ്പ് സംഘടിപ്പിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും മാര്‍ക്ക് ലിസ്റ്റ് വിവാദവും ഉള്‍പ്പെടെ സംഘടന വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ് പഠനക്ലാസ് സംഘടിപ്പിക്കാനൊരുങ്ങുന്നത്.
തെറ്റ് തിരുത്തല്‍ നിര്‍ദേശിക്കുന്ന സംഘടനാ രേഖ ഓരോ ജില്ലയിലും ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സമിതി യോഗത്തില്‍ അവതരിപ്പിച്ച ശേഷമാണ് എസ്എഫ്‌ഐക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.